70,000 പേരെ പ്രതീക്ഷിച്ച സ്ഥലത്ത് 700 പേർ മാത്രമേയുള്ളൂ എന്ന വിവരം അറിഞ്ഞതോടെയാണ് പ്രധാനമന്ത്രി സന്ദർശനം റദ്ദാക്കിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവർത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി. സ്വന്തം ജീവൻ ബലി കൊടുത്തിട്ടായാലും പ്രധാനമന്ത്രിയുടെ ജീവൻ സംരക്ഷിക്കാൻ താൻ തയ്യാറാണ്. ഫിറോസ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കിയത് സുരക്ഷാ വീഴ്ചയിൽ വന്ന പിഴവുകൊണ്ടല്ലെന്ന് ചന്നി ആരോപിച്ചു. 70,000 സീറ്റുകൾ ഒരുക്കിയ സ്ഥലത്ത് 700 പേർ മാത്രമേ ഉള്ളൂ എന്ന റിപ്പോർട്ട് കിട്ടിയതുകൊണ്ടാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതെ തിരിച്ചു പോയത്. അതിന് താനെന്ത് പിഴച്ചെന്ന് ചന്നി ചോദിച്ചു.

പടിഞ്ഞാറൻ പഞ്ചാബിലെ ഫിറോസ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയെ കർഷകർ തടഞ്ഞതും സുരക്ഷാവീഴ്ച ആരോപിച്ച് സന്ദർശനം റദ്ദാക്കി അദ്ദേഹം ഡൽഹിക്ക് മടങ്ങിയതുമായ വിവാദ സംഭവത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം. 20 മിനിറ്റോളമാണ് പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കുടുങ്ങിയത്.

സംഭവത്തിനു പിന്നാലെ കോൺഗ്രസ്സിനും ബി ജെ പി ക്കുമിടയിൽ രൂക്ഷമായ വാക്പോരാണ് അരങ്ങേറുന്നത്. രാജ്യത്തിൻ്റെ പ്രധാനമന്ത്രിക്ക് അടിസ്ഥാന സുരക്ഷയൊരുക്കുന്നതിൽ പോലും പഞ്ചാബ് സർക്കാർ വീഴ്ച വരുത്തിയതായി കേന്ദ്രം ആരോപിച്ചു. പ്രധാനമന്ത്രിയെ കൊലപ്പെടുത്താനുള്ള കോൺഗ്രസ്സിൻ്റെ ഗൂഢാലോചന പൊളിഞ്ഞെന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം. സുരക്ഷാ വീഴ്ച കോൺഗ്രസ് മന:പൂർവം വരുത്തിവെച്ചതാണെന്നും പാർടി അതിൻ്റെ ഭ്രാന്തൻ വഴികളിലൂടെ സഞ്ചരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി.

Related Posts