വലപ്പാട് സി എച്ച് സി താലൂക്ക്തല ആശുപത്രിയാക്കാൻ മുഖ്യമന്ത്രിക്ക് കത്തുകൾ അയക്കുന്നു
വലപ്പാട് : സി എച്ച് സി താലൂക്കുതല ആശുപത്രിയാക്കാൻ മുഖ്യമന്ത്രിക്കു കത്തുകൾ അയയ്ക്കുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്കുതല ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടിക മണപ്പുറത്തെ പൗരസമൂഹം മുഖ്യമന്ത്രിക്കു കത്തുകളും ഇ-മെയിലുകളും അയച്ചു കൊണ്ട് ജനകീയ സമരത്തെ വ്യത്യസ്തമായ സമരതലത്തിലേക്ക് വികസിപ്പിക്കാൻ ജനകീയ സമരസമിതി തീരുമാനിച്ചു.
വലപ്പാട് ആശുപത്രിയെ ശതാബ്ദിയിലെത്തുന്നതോടെ ഒരു താലൂക്കുതല ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കു കത്തുകളയക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള കോർണർ മീറ്റിംഗുകളും, ആശുപത്രിയോടുള്ള വിവേചനവും അവഗണനയും ചൂണ്ടിക്കാട്ടിയും താലൂക്കുതല ആശുപത്രിയാക്കേണ്ടതിൻ്റെ പ്രസക്തിയും അനിവാര്യതയും വിശദീകരിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിക്കും. മീറ്റിംഗിൻ്റെ ഭാഗമായി അവ വീടുകൾ തോറും വിതരണം ചെയ്യും. സമരസമിതിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ആളുകളെയും സംഘടനകളേയും ചേർത്തു നിർത്തിക്കൊണ്ട് വിപുലമായ അടുത്ത സമര ഘട്ടങ്ങൾക്ക് ജനകീയ സമിതി രൂപം നൽകും.
സമിതിയുടെ യോഗത്തിൽ ചെയർമാൻ ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ചു. കോ-ഓഡിനേറ്റർ ടി എ പ്രേംദാസ്, ജനറൽ കൺവീനർ പി എൻ പ്രോവിൻ്റ്, എം എ സലീം, കെ ജി സുരേന്ദ്രൻ, അഡ്വ.ശോഭൻകുമാർ, ജോസ് താടിക്കാരൻ, ടി കെ പ്രസാദ്, പി സി അജയൻ, സലീം ദിവാകരൻ, സലീം ചൂലൂർ, വസന്തൻ എന്നിവർ സംസാരിച്ചു.