കുവൈറ്റ് ലിബറേഷൻ ടവറിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും
കുവൈറ്റിലെ ലിബറേഷൻ ടവറിലേക്ക് അടുത്ത മാസം മുതൽ സന്ദർശ്ശകർക്ക് പ്രവേശനം അനുവദിക്കും. ഒരു പതിറ്റാണ്ടിനു ശേഷമാണ് ടവർ സന്ദർശ്ശകർക്കായി തുറന്നു നൽകുന്നത്.പ്രവേശനം സൗജന്യമായിരിക്കും, സന്ദർശകരെ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടവർ സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന നിർമ്മിതിയാണ്. 372 മീറ്റർ ആണ് ലിബറേഷൻ ടവറിന്റെ ഉയരം . ഉയരത്തിന്റെ കാര്യത്തിൽ കുവൈറ്റിൽ 2 -ആം സ്ഥാനത്തും, ആഗോള തലത്തിൽ 39- ആമതുമാണ് സ്ഥാനം.
ടവർ സന്ദർശിക്കുന്നതിനായി ഓൺ ലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം . മുൻസിപാലിറ്റി കെട്ടിടത്തിനു മുൻ വശത്തുള്ള പ്രവേശന കവാടം വഴിയാണു സന്ദർശ്ശകരെ കടത്തി വിടുക. ഇവിടെ നിന്നും ടവറിലെ പ്രധാന നിലയിൽ എത്തി കുവൈറ്റ് നഗരത്തിന്റെ ആകാശ കാഴ്ചകൾ വീക്ഷിക്കാവുന്നതാണു. ഇതിനു പുറമെ പ്രധാന ഹാളിൽ തയ്യാറാക്കിയ മ്യൂസിയത്തിൽ കുവൈറ്റ് ടെലി കമ്മ്യൂണീക്കേഷന്റെ ചരിത്രം വിളിച്ചോതുന്ന നിരവധി പഴയ ഉപകരണങ്ങളും രേഖകളും പ്രദർശിപ്പിക്കുകയും ചെയ്യും.