ഇന്ന് ഗ്രന്ഥശാലാദിനം

ഗ്രന്ഥശാലാദിന കുറിപ്പ്..

'സത്യാനന്തര കാലത്ത് ലൈബ്രറി വീട്ട് മുറ്റത്ത് എത്താൻ ഈ മഹാമാരി കാലത്ത് വളരെ പ്രയാസമാണ്. പുതിയ തലമുറയെ വായനാ തലത്തിലേക്ക് കൊണ്ട് വരാനുള്ള ദൗത്യത്തിനായി ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം' - ജോസ് താടിക്കാരൻ

"ഗ്രാമീണ മേഖലകളിൽ ഗ്രന്ഥശാലകൾ, ലൈബ്രറികൾ, വായനാ കേന്ദ്രങ്ങൾ എല്ലായിടങ്ങളിലും നിറഞ്ഞ് നിന്നിരുന്നു. എന്റെ കുട്ടിക്കാലത്ത് 1974-1979ൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള മാഹാത്മാ ലൈബ്രറിയിലേക്ക് കൂട്ടുകാരുമൊത്ത് സൈക്കിളിൽ പോകുമായിരുന്നു. പ്രധാനമായി ഭീകരതയുള്ള അന്വേഷണാത്മകമായ നോവലുകൾ. ഡ്രാക്കുള പോലുള്ള ഹൊറർ നോവലുകൾ വാങ്ങി കൊണ്ട് വന്ന് കൈമാറി വായിക്കാറുണ്ട്. അക്കാലത്ത് വലപ്പാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലെ യംഗ്സ്റ്റേഴ്സ് ക്ലബ്ബിൽ സജീവ പ്രവർത്തകനായിരുന്ന കാലത്ത് ആദ്യമായി മണപ്പുറത്ത് കലാഭവന്റെ ഗാനമേള ടിക്കറ്റ് വെച്ച് അവതരിപ്പിച്ച് കിട്ടിയ സംഭാവന കൊണ്ട് ലൂമൺ ലൈബ്രറി തുടങ്ങി. കുറെ വർഷങ്ങൾ പ്രവർത്തിച്ചുവെങ്കിലും തുടർന്ന് നടത്താനായില്ല. സർക്കാരിന്റെ സഹായം ലഭ്യമില്ലായിരുന്നു. സംസ്ഥാന സർക്കാരിന്റെ ലൈബ്രററി കൗൺസിൽ പ്രവർത്തനം ശക്തി പ്രാപിച്ചതോടെ ഗ്രന്ഥശാലകൾ വീണ്ടും ഉയർത്തേഴുന്നേറ്റ് തുടങ്ങി. വർഷങ്ങൾക്ക് മുൻപ് പ്രവർത്തിച്ചിരുന്ന എസ് എൻ എ എസ് സിയുടെ ശ്രീനാരായണ ലൈബ്രററി വീണ്ടും സജീവമായിരിക്കുകയാണിപ്പോൾ. ഗ്രന്ഥശാലാദിനമായ ഇന്ന് വായന വീടുകളിലേക്ക് മാറ്റപ്പെടേണ്ട കാലമാണ്. സത്യാനന്തര കാലത്ത് ലൈബ്രറി വീട്ട് മുറ്റത്ത് എത്താൻ ഈ മഹാമാരി കാലത്ത് വളരെ പ്രയാസമാണ്. പുതിയ തലമുറയെ വായനാ തലത്തിലേക്ക് കൊണ്ട് വരാനുള്ള ദൗത്യത്തിനായി ഈ ദിനത്തിൽ പ്രതിജ്ഞയെടുക്കാം. പഴയ കാല ലൈബ്രറി പ്രവർത്തകരെയും അനുസ്മരിക്കാം. നാട്ടിക മണപ്പുറത്ത് ഒരു പത്രം ഒരാൾ വായിച്ച് 25 ബീഡി തൊഴിലാളികളെ കേൾപ്പിച്ച് ചർച്ചകൾ നടത്തിയിരുന്ന ഓർമകൾ പങ്ക് വെക്കുകയാണ്. പിന്നീട് സി പി എം നേതാവായി ഉയർന്നുവന്ന നല്ല പ്രാസംഗികനും, ജനപ്രതിനിധിയും, സംഘാടകനും, യുവജന നേതാവുമായിരുന്ന കെ വി പീതാംബരന്റെ ഓർമ്മകൾക്ക് മുൻപിൽ ഈ ഗ്രന്ഥശാലാദിനം സമർപ്പിക്കുന്നു."

'ഇന്നത്തെ ഡിജിറ്റൽ യുഗം ഓഡിയോ ലൈബ്രറിയുടെ കാലം കൂടിയാണ്. അത്തരം കാലാനുസൃതമായ മാറ്റങ്ങൾക്കും ലൈബ്രറി പ്രവർത്തകർ ഒരുങ്ങേണ്ടതുണ്ട്' - ദേവൻ ഉള്ളാട്ടിൽ (ശ്രീനാരായണ ലൈബ്രറി വലപ്പാട് ബീച്ച്)

"സെപ്റ്റംബർ 14 കേരളത്തിൽ ഗ്രന്ഥശാല ദിനം ആയി ആചാരിക്കുകയാണല്ലോ. പി എൻ പണിക്കരാണ് കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനം കെട്ടിപ്പടുത്തതെന്ന് നമുക്കെല്ലാം അറിയാം. ഗ്രന്ഥശാല ഏതു നാടിന്റെയും അഭിമാനമാണ്. ഏതു പ്രായത്തിലുള്ളവർക്കും ഏതു വിദ്യഭ്യാസ യോഗ്യത ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപയോഗിക്കാവുന്ന ഒന്നാണിത്. സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ മൂലക്കല്ലുകളാണ് ഓരോ ഗ്രന്ഥശാലയും. ഗ്രന്ഥശാലകൾ അറിവിന്റെ, അനുഭവങ്ങളുടെ, ചരിത്രത്തിന്റെ എല്ലാം അണക്കെട്ടാണ് എന്ന് മുതിർന്നവരും കുട്ടികളും അറിയണം. സ്‌കൂളുകളും ലൈബ്രറികളും അറിവ് മാത്രമല്ല സംസ്കാരവും പകർന്നു നൽകുന്നുണ്ട്. നിങ്ങളുടെ കുട്ടികളെ ഒരു ലൈബ്രറിയിലേക്ക് കൊണ്ടുപോകൂ, അവിടെ അംഗത്വമെടുക്കു, ലൈബ്രറി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതോടെ പഠനത്തിന്റെ, അറിവിന്റെ വാതായാനങ്ങളാണ് അവർക്കു മുമ്പിൽ തുറക്കുന്നത്. ഗ്രന്ഥശാലകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ലാണ് എന്ന് ഏവരും ഓർക്കുക. അവയെ സജീവമായി നിലനിർത്തേണ്ടത് ഓരോ പൗരന്റെയും സർക്കാരിന്റെയും കടമ തന്നെ ആണ്.

സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകുവാൻ ലൈബ്രറി നല്ല പങ്കു വഹിക്കുന്നുണ്ട്. ഇന്നത്തെ ഡിജിറ്റൽ യുഗം ഓഡിയോ ലൈബ്രറിയുടെ കാലം കൂടിയാണ്. അത്തരം കാലാനുസൃതമായ മാറ്റങ്ങൾക്കും ലൈബ്രറി പ്രവർത്തകർ ഒരുങ്ങേണ്ടതുണ്ട്. കുഞ്ഞുണ്ണി മാഷുടെ കുഞ്ഞികവിതയോടെ ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.

വായിച്ചാലും വളരും

വായിച്ചില്ലെങ്കിലും വളരും

വായിച്ചാൽ വിളയും

വായിച്ചില്ലെങ്കിൽ വളയും."

Related Posts