ജീവന് മതവിശ്വാസത്തെക്കാൾ പ്രധാന്യമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി.

ചെന്നൈ:മതവിശ്വാസത്തിനുള്ള അവകാശത്തെക്കാൾ പ്രാധാന്യം ജീവിക്കാനുള്ള അവകാശത്തിനാണെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടിൽ വിനായകചതുർഥി ആഘോഷങ്ങൾക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

തമിഴ്‌നാട്ടിൽ വിനായകചതുർഥി ആഘോഷങ്ങളുടെ ഭാഗമായി പൊതുസ്ഥലങ്ങളിൽ വിനായകവിഗ്രഹങ്ങൾ വയ്ക്കുന്നതിനും ഘോഷയാത്ര നടത്തുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ജനനന്മയെ കരുതിയാണ് വിനായകചതുർഥി ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനർജി, പി ഡി ആദികേശവലു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവന് മതവിശ്വാസത്തെക്കാൾ പ്രധാന്യമുണ്ടെന്ന് കോടതി പറഞ്ഞു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാരിന്റെ മറുപടി. വീടുകളിലും തിരക്കില്ലാത്ത ക്ഷേത്രങ്ങളിലും വിഗ്രഹം വെയ്ക്കുന്നതിനും പൂജകൾ നടത്തുന്നതിനും അനുമതിയുണ്ടെന്നും അറിയിച്ചു.

അഞ്ചുപേർ വീതമുള്ള സംഘങ്ങളെ വിഗ്രഹവുമായി ഘോഷയാത്ര നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശി എൽ ഗണപതിയാണ് കോടതിയെ സമീപിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. വിനായകചതുർഥി ആഘോഷത്തിന് അനുമതിതേടിയുള്ള മറ്റൊരു ഹർജിയിലും കൊവിഡ് മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്ന് ഇതേ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Related Posts