ലൈഫ് മിഷൻ: ജില്ലയില്‍ 1002 ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം നടന്നു

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിച്ച 1002 ഭവനങ്ങളുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 12,067 ലൈഫ് ഭവനങ്ങളാണ് പൂര്‍ത്തിയാക്കിയത്. ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രഖ്യാപന ചടങ്ങ് തത്സമയം പ്രദര്‍ശിപ്പിച്ചു.

വീടിനൊപ്പം ജീവനോപാധികള്‍ കൂടി വേണം എന്ന തരത്തിലാണ് ലൈഫ് ഭവന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളതെന്ന് ഭവനങ്ങളുടെ പ്രഖ്യാപനം നടത്തികൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിൻ്റെ കാലത്ത് ലൈഫ് പദ്ധതിയില്‍ 2,62,131 വീടുകളാണ് നല്‍കിയത്. 8993 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 5 വര്‍ഷത്തിനകം വര്‍ഷത്തില്‍ ഒരു ലക്ഷം ലൈഫ് ഭവനങ്ങള്‍ എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതോടൊപ്പം ലൈഫ് ഭവന സമുച്ചയങ്ങളും പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന തലത്തില്‍ 7832 വീടുകള്‍ ജനറല്‍ വിഭാഗത്തിലും 3358 വീടുകള്‍ പട്ടികജാതി, 604 വീടുകള്‍ പട്ടികവര്‍ഗം, 871 വീടുകള്‍ മത്സ്യബന്ധന മേഖല എന്നിങ്ങനെയാണ് പ്രധാനമായും നിര്‍മിച്ച് നല്‍കിയത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 694 ഭവനങ്ങളുടെയും നഗരസഭകളില്‍ 308 ഭവനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കിയതിൻ്റെ പ്രഖ്യാപനമാണ് നടന്നത്.ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ 34 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി തെക്കുംകര ഗ്രാമപഞ്ചായത്തും 120 ഭവനങ്ങള്‍ പൂര്‍ത്തീകരിച്ച് വടക്കാഞ്ചേരി നഗരസഭയുമാണ് ഒന്നാമതുള്ളത്. ലൈഫ് മിഷന്‍ ഭവനപദ്ധതിയുടെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ജില്ലയില്‍ ഇതുവരെ 18,740 വീടുകളാണ് പൂര്‍ത്തിയായത്.

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷന്മാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രാദേശിക ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Related Posts