ജീവന്‍ രക്ഷിക്കും അഗ്‌നിരക്ഷാ അറിവുകള്‍

എന്റെ കേരളം പ്രദര്‍ശനമേളയിലെ അഗ്‌നിരക്ഷാസേനയുടെ സ്റ്റാളില്‍ പ്രദര്‍ശനത്തിലുള്ള പാവകള്‍ വെറും കളിപ്പാവകളല്ല ജീവന്‍ രക്ഷിക്കും സംവിധാനങ്ങളാണ്. പാവകളുടെ പ്രദര്‍ശനത്തിലൂടെ സുരക്ഷയുടെ പ്രാഥമികപാഠങ്ങള്‍ പറഞ്ഞുനല്‍കുകയാണ് ജില്ലാ അഗ്നിശമനസേനയുടെ സ്റ്റാള്‍. കളികള്‍ക്കിടയില്‍ കുസൃതിക്കുരുന്നുകള്‍ അപകടത്തില്‍പെടുമ്പോള്‍ പകച്ചുനില്‍ക്കാതെ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രാഥമികശ്രുശൂഷകള്‍ എന്തെല്ലാമാണെന്ന് ഇവിടെ വന്നാലറിയാം. ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങിയാല്‍, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍, വീടുകളില്‍ പാചകവാതക ഗ്യാസിന് ചോര്‍ച്ച ഉണ്ടായാല്‍, ഇതിനെല്ലാം ഇവിടെ ഉത്തരമുണ്ട്.

പെട്ടെന്ന് ഒരാള്‍ കുഴഞ്ഞുവീഴുമ്പോള്‍ മരണത്തില്‍ നിന്ന് അവരെ രക്ഷിക്കുന്ന സി പി ആര്‍ എന്താണെന്നും എങ്ങനെ ചെയ്യാമെന്നും പൊതുജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടുത്തുന്നു. അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ എങ്ങനെ സുരക്ഷിതമാക്കാം എന്ന അറിവുകള്‍ പകര്‍ന്നുനല്‍കുകയാണ് അഗ്നിരക്ഷാസേനയുടെ സ്റ്റാള്‍. സ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും സൊസൈറ്റികളിലും അഗ്‌നിശമന വിഭാഗം സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അറിവ് പലര്‍ക്കുമില്ലെന്നും അഗ്‌നിശമന സേന ചൂണ്ടിക്കാട്ടുന്നു. ഫയര്‍ എക്സ്റ്റന്‍ഷന്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്നും തീപിടിത്ത സംഭവങ്ങളില്‍ സ്വയം ചെയ്യാവുന്ന രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും അടിസ്ഥാന അഗ്‌നി സുരക്ഷാ സാങ്കേതിക വിദ്യകളെക്കുറിച്ചും അറിവ് ലഭിക്കും. ജീവന്‍ രക്ഷാ പ്രവര്‍ത്തന സജ്ജീകരണങ്ങളും സ്റ്റാളിലുണ്ട്.

WhatsApp Image 2022-04-22 at 3.33.56 PM.jpeg

അഗ്‌നിബാധയുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ തീ പൊള്ളലേല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫയര്‍ പ്രോക്‌സിമിറ്റി സ്യൂട്ട്, ഫയര്‍ എന്‍ട്രി സ്യൂട്ട് എന്നീ മാതൃകകള്‍ പ്രദര്‍ശനത്തിലുണ്ട്. ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോല്‍ പ്രതിരോധിക്കാനുള്ള ഹാച്ചറിങ്ങ് ബെല്‍റ്റ്, വാഹനാപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താനാവശ്യമായ ഹൈഡ്രോളിക്ക് കട്ടര്‍ ആന്റ് സ്‌പെഡര്‍, ജലാശയ രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളായ സ്‌കൂബാ സെറ്റ്, വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ബ്രീത്തിങ്ങ് അപ്പാറ്റസെറ്റ്, വിവിധ എക്‌സിക്യൂഷന്‍സിന്റെ പ്രവര്‍ത്തന രീതി എന്നിങ്ങനെ ഒരു നാടിന്റെ രക്ഷക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. അഗ്‌നിബാധയുണ്ടാകുമ്പോള്‍ സ്വയം രക്ഷപ്പെടുന്നതോടൊപ്പം അപകടസൂചന മറ്റുള്ളവരിലേക്കും നല്‍കുകയെന്ന വലിയൊരു കര്‍ത്തവ്യവും നമ്മിലുണ്ടെന്ന ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മേളയിലെ അഗ്‌നിശമന സേനാംഗങ്ങളുടെ പ്രദര്‍ശനം.

Related Posts