ജീവിതശൈലീരോഗ നിർണയ കാമ്പയിൻ; സംസ്ഥാനത്ത് അർബുദ സാധ്യത കണ്ടെത്തിയത് 81000 പേരിൽ

തൊടുപുഴ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിനിൽ ഇതിനകം 81484 പേർക്ക് അർബുദ സാധ്യത കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും തടയുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന കാമ്പയിനിലാണ് മാരകമായ രോഗസാധ്യതയുള്ളവരെ തിരിച്ചറിഞ്ഞത്. കൂടുതൽ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നടത്താൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ആരംഭിച്ച 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം 10.70 ലക്ഷം പേരെ അവരുടെ വീടുകളിൽ എത്തി ജീവിതശൈലീ രോഗങ്ങൾക്കായുള്ള പരിശോധന നടത്തിക്കഴിഞ്ഞു. ഇതിൽ 20.45 ശതമാനം പേർക്കും കാൻസർ, ക്ഷയം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി. ഇവർക്കായി പ്രത്യേക ക്യാമ്പുകൾ വഴി വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. 67,320 പേർക്ക് സ്തനാർബുദ നിർണയ പരിശോധനയും 4250 പേർക്ക് വായിലെയും 12,109 പേർക്ക് കഴുത്തിലെയും അർബുദത്തിനുള്ള പരിശോധനയുമാണ് നിർദേശിച്ചിട്ടുള്ളത്. 44,146 പേർക്ക് ശ്വാസകോശം, 12,247 പേർക്ക് ക്ഷയം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധന ആവശ്യമാണ്. പരിശോധനക്ക് വിധേയരായ 1,19,544 പേർക്ക് ഉയർന്ന രക്തസമ്മർദവും 94,199 പേർക്ക് പ്രമേഹവും 42,822 പേർക്ക് രണ്ടും കൂടിയുമുള്ളതായും കണ്ടെത്തി. രോഗസാധ്യതയുള്ളവർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും കാമ്പയിന്‍റെ ഭാഗമാണ്. 30 വയസിന് മുകളിലുള്ളവർക്കായി ആരോഗ്യ പ്രവർത്തകർ വീടുകൾ സന്ദർശിക്കുകയും ജീവിതശൈലി രോഗനിർണയ പരിശോധനകൾ നടത്തുകയും ചെയ്യുന്നു. അർബുദം പോലുള്ള രോഗങ്ങൾ നേരത്തെ കണ്ടെത്താൻ കഴിയുന്നതിലൂടെ ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കാൻ കഴിയുമെന്നതാണ് കാമ്പയിന്‍റെ നേട്ടം.

Related Posts