സിനിമ പിരമിഡിൻ്റെ ഏറ്റവും മുകളിൽ പ്രേക്ഷകരെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
സംവിധായകനും താരങ്ങളും നിർമാതാക്കളുമൊക്കെയുള്ള സിനിമാ പിരമിഡിൻ്റെ ഏറ്റവും മുകളിൽ ഇന്ന് കയറിയിരിക്കുന്നത് പ്രേക്ഷകരാണെന്ന് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഏത് മീഡിയത്തിലാണ് സിനിമ കാണേണ്ടത് എന്ന് പ്രേക്ഷകരാണ് തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ എങ്ങനെ എവിടെ കാണണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. കാണേണ്ടത് മൊബൈൽ ഫോണിലോ, ടെലിവിഷനിലോ, തിയേറ്ററിലോ എന്ന തീരുമാനം അവരുടേതാണ്. സിനിമ ഇവിടെ മാത്രം കണ്ടാൽ മതി എന്ന് തീരുമാനിക്കാനോ ഇത്ര ദിവസം ഞാനീ സിനിമ ഓടിക്കുമെന്ന് പറയാനോ ആർക്കും കഴിയില്ല.
സർഗാത്മക ഇടം എന്ന ആശയത്തിൻ്റെ അർത്ഥം തന്നെ മാറിക്കഴിഞ്ഞതായി സംവിധായകൻ പറഞ്ഞു. ഒരു സിനിമ ഏതു വിധത്തിൽ കാണണം എന്ന് ഇന്ന് പ്രേക്ഷകന് തീരുമാനിക്കാം. ഒറ്റയിരിപ്പിന് മുഴുവൻ കാണണോ, ഒറ്റ ഫ്രെയിം മാത്രമെടുത്ത് കാണണോ, അതോ ഓടിച്ചു കാണണോ എന്നെല്ലാം അവർക്ക് തീരുമാനിക്കാം.