ക്ലബ് ഫുട്ബോളിൽ 700 ഗോൾ തികച്ച് ലയണൽ മെസ്സി; നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരം

പാരിസ്: 17 വർഷം മുമ്പാണ് ലയണൽ മെസിയുടെ പേര് ഗോൾ പട്ടികയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 2005 മെയ് മാസത്തിൽ, സ്പാനിഷ് ക്ലബ് അൽബസെറ്റിനെതിരെ ബാഴ്സലോണ ജേഴ്സിയിൽ, 17 കാരനായ മെസ്സി ക്ലബ് ഫുട്ബോളിൽ തന്‍റെ ആദ്യത്തെ സീനിയർ ഗോൾ നേടി. ഞായറാഴ്ച ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പി എസ് ജി മാഴ്സെയെ 3-0ന് തോൽപ്പിച്ചപ്പോൾ മെസ്സി തന്‍റെ ക്ലബ് കരിയറിലെ 700-ാം ഗോൾ നേടി. കളിയുടെ 29-ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്. ക്ലബ് ഫുട്ബോളിൽ 700 ഗോളുകൾ തികയ്ക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് മെസ്സി. 839 മത്സരങ്ങളിൽ നിന്നാണ് നേട്ടം. 955 മത്സരങ്ങളിൽ നിന്ന് 709 ഗോളുകളുമായി പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. മെസ്സിയുടെ ക്ലബ് ഗോളുകളിൽ 85 ശതമാനവും ബാഴ്സലോണ ജേഴ്സിയിലാണ്. ബാഴ്സയ്ക്കായി 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി. 2021 ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ ചേർന്ന മെസ്സി ഇതുവരെ അവിടെ 28 ഗോളുകൾ നേടിയിട്ടുണ്ട്. അർജന്‍റീന ദേശീയ ടീമിനായി 172 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 98 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Related Posts