ലോകചാമ്പ്യൻമാരുടെ ജേഴ്‌സിയില്‍ തുടരാൻ ആഗ്രഹം; വിരമിക്കില്ലെന്ന് വ്യക്തമാക്കി ലയണല്‍ മെസ്സി
ഖത്തര്‍: അർജന്‍റീന 2022 ഫിഫ ലോകകപ്പ് നേടിയതിനു പിന്നാലെ വിരമിക്കലിൽ വ്യക്തത വരുത്തി ലയണൽ മെസ്സി. ലോകചാമ്പ്യൻമാരുടെ ജേഴ്സിയിൽ തുടരാൻ ആഗ്രഹമുണ്ടെന്നും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മെസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "വർഷങ്ങളായി ഞാൻ കാണുന്ന ഒരു സ്വപ്നം. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ദൈവം എനിക്ക് ഈ വിജയം നൽകുമെന്ന് ഉറപ്പുണ്ടായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനൽ വിജയത്തോടെ ഇത് തന്‍റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസ്സി വ്യക്തമാക്കിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2നു തോൽപ്പിച്ചാണ് അർജന്‍റീന കിരീടം നേടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും 3-3ന് സമനില പാലിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. അർജന്‍റീനയ്ക്കായി മെസ്സി രണ്ട് ഗോളുകളും എയ്ഞ്ചൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്കും നേടി.