ദ്രവമാലിന്യ പരിപാലന പദ്ധതികൾ: കിലയിൽ ദ്വിദിന ശില്‍പ്പശാല
ദ്രവമാലിന്യ പരിപാലന പദ്ധതികളുടെ കരട് രൂപീകരണത്തിനായി വിദഗ്ദ്ധരെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ദ്വിദിന ശില്‍പ്പശാല ഡിസംബർ 17, 18 തീയതികളിൽ തൃശൂർ കിലയിൽ നടക്കും. ദ്രവമാലിന്യ പരിപാലനം– നിലവിലെ പ്രശ്നങ്ങളും വെല്ലുവിളികളും, ദ്രവമാലിന്യ സംസ്‌കരണത്തിലും, ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലും
ഗ്രാമപഞ്ചായത്ത്/ ബ്ലോക്ക്/ജില്ലാതലങ്ങളിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കില, അമൃത് പദ്ധതി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
ശുദ്ധജലക്ഷാമം കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്നമാകുന്ന സാഹചര്യത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ദ്രവമാലിന്യ പരിപാലനത്തിന് വികേന്ദ്രീകൃതവും പ്രകൃതി സൗഹൃദവുമായ സാങ്കേതിക വിദ്യകള്‍ സംസ്ഥാന വ്യാപകമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നവകേരളം കർമപദ്ധതി II ന്റെ ഭാഗമായാണ് ജലസ്രോതസുകളെ മാലിന്യ മുക്തമാക്കുന്നതിനും ഗാർഹിക – സ്ഥാപന - പൊതുതലത്തിൽ ശാസ്ത്രീയ ദ്രവ മാലിന്യ പരിപാലന സംവിധാനമൊരുക്കുന്നതിനുമുള്ള പദ്ധതികൾ രൂപീകരിക്കുന്നത്.