ഇന്നത്തെ പല ആധുനിക കവിതകളും പഠിപ്പിക്കുന്നത് ഭാഷ എങ്ങനെ കൈകാര്യം ചെയ്യരുതെന്നതാണെന്ന് സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്
തൃശൂർ: ഇന്നത്തെ പല ആധുനിക കവിതകളും പഠിപ്പിക്കുന്നത് ഭാഷ എങ്ങനെ കൈകാര്യം ചെയ്യരുതെന്നതാണെന്ന് സാഹിത്യനിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്. കവി കെ ദിനേശ് രാജാ രചിച്ച് പുലിറ്റ്സർ ബുക്സ് പ്രസിദ്ധീകരിച്ച "കാവ്യായനം " എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "വ്യവഹാര കവിതകൾ " എന്ന പേരിലെഴുതപ്പെടുന്ന ഇന്നത്തെ പല കവിതകളും അനുകരണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മാതൃഭൂമി തൃശൂർ യൂണിറ്റ് മാനേജർ വിനോദ് നാരായണൻ അധ്യക്ഷത വഹിച്ചു. കെ പി ഗോപി പുസ്തകം ഏറ്റുവാങ്ങി. രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി. നാട്ടിക ശ്രീനാരായണ കോളേജ് മലയാള വിഭാഗം മേധാവി പ്രൊഫ. വി എസ് റെജി, പ്രസാദ് കാക്കശ്ശേരി, കണ്ണൻ സിദ്ധാർത്ഥ്, സുനിൽ എന്നിവർ സംസാരിച്ചു. ദിനേശ് രാജാ മറുപടി പ്രസംഗം നടത്തി.