നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണ് ഇത്തരം ബന്ധങ്ങൾ, വിവാഹിതരുടെ ലിവ്-ഇൻ റിലേഷൻഷിപ്പിനെതിരെ രാജസ്ഥാൻ ഹൈക്കോടതി
വിവാഹിതനായ പുരുഷനൊപ്പം ജീവിച്ചുപോന്ന വിധവയായ സ്ത്രീക്ക് സുരക്ഷ ഒരുക്കണമെന്ന അപേക്ഷ തള്ളി രാജസ്ഥാൻ ഹൈക്കോടതി. ആദ്യവിവാഹത്തിൽനിന്ന് പുരുഷൻ നിയമപ്രകാരം വിവാഹമോചനം നേടിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ്, ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ നൽകാൻ പൊലീസിനോട് നിർദേശിക്കണം എന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിയത്.
കേസിന് ആസ്പദമായ സംഭവം ഇങ്ങനെയാണ്. ഭർത്താവിൻ്റെ മരണശേഷം മൂന്നു കുട്ടികളുമായി കഴിഞ്ഞിരുന്ന യുവതി, ഭാര്യയിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്ന യുവാവുമായി ഒന്നിച്ചു താമസിക്കുകയാണ്. ഹിന്ദു മതാചാര പ്രകാരം ഇരുവരും വിവാഹിതരായി. എന്നാൽ ഇരുവരുടേയും ജീവൻ അപകടത്തിലാക്കും എന്ന തരത്തിലുള്ള ഭീഷണിയുണ്ട്. അതിനാലാണ് സുരക്ഷയൊരുക്കണം എന്ന ആവശ്യമുന്നയിച്ച് ഇരുവരും കോടതിയെ സമീപിച്ചത്.
ആദ്യവിവാഹത്തിലെ സ്ത്രീയുമായുള്ള ബന്ധം നിയമപരമായി ഇപ്പോഴും നിലനിൽക്കുന്നതായി കോടതി നിരീക്ഷിച്ചു. അതിനാൽ പുതിയ വിവാഹത്തിന് നിയമപരമായി സാധുതയില്ല. ഇത്തരം ലിവ്-ഇൻ റിലേഷനുകൾ നിയമവിരുദ്ധവും അതുകൊണ്ടുതന്നെ സാമൂഹ്യ വിരുദ്ധവുമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. സുരക്ഷ ഒരുക്കുന്നത് ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകും. അതിനാൽ അത് അനുവദിക്കാനാവില്ല. എന്നാൽ ഹർജിക്കാർക്ക് പൊലീസിനെ സമീപിച്ച് സുരക്ഷ ആവശ്യപ്പെടാം.
നേരത്തേ വിവാഹിതരാണെങ്കിൽ പോലും പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാരുടെ ലിവ്-ഇൻ റിലേഷൻഷിപ്പിന് നിയമസാധുത ഉണ്ടെന്നുള്ള പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതിയുടെ നിരീക്ഷണത്തിന് എതിരായ വിധിയാണ് രാജസ്ഥാൻ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.