എൽ എൻ വി അന്തർദേശീയ ബാല നാടക രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി പാണി മാസ്റ്റർ അനുസ്മരണ എൽ എൻ വി അന്തർദേശീയ ബാല നാടക രചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

പ്രൊഫ. പി ഗംഗാധരൻ മാഷ് ചെയർമാനും. നജുമൽ ഷാഹി, കെ യു ഹരിദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവസാന റൗണ്ടിൽ എത്തിയ പതിനഞ്ചു നാടകങ്ങളിൽ നിന്ന് മികച്ച രചനകൾ തെരഞ്ഞെടുത്തത്.

മികച്ച രചനക്കുള്ള ഒന്നാം സ്ഥാനം ചാക്കോ ഡി അന്തിക്കാട് രചിച്ച നാടകം "ആനിഫ്രാൻസിസ്" കരസ്ഥമാക്കി. 5001 രൂപ ക്യാഷ് അവാർഡും ഫലകവും അടങ്ങുന്നതാണ് ഡി പാണി മാസ്റ്റർ സ്മാരക പുരസ്‌കാരം.

മികച്ച രചനക്കുള്ള രണ്ടാം സ്ഥാനം രഞ്ജിത്ത് പേരാമ്പ്രയുടെ നാടകമായ "പൂക്കളുടെയും, പുഴുക്കളുടെയും കിളികളുടെയും കോടതി" അർഹമായി. 2001 രൂപ ക്യാഷ് അവാർഡും ഫലകവുമാണ് പുരസ്‌കാരം. മികച്ച രചനക്കുള്ള മൂന്നാം സ്ഥാനം നേടിയത് ജയൻ മേലത്ത് രചിച്ച വെയ് രാജാ വെയ്. 1001 രൂപ ക്യാഷ് അവാർഡും ഫലകവുമാണ് പുരസ്‌കാരം.

ഈ മൂന്ന് നാടകങ്ങൾക്കൊപ്പം ലോക നാടക വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ നാടക സമാഹാരത്തിലേക്ക് റഫീഖ് മംഗലശ്ശേരി രചിച്ച "കളി", അമൽ രചിച്ച "കുഞ്ഞുണ്ണീം ദൈവദൂതനും", സുധൻ നന്മണ്ട രചിച്ച "ആടു പുരാണം" എന്നീ മൂന്ന് നാടകങ്ങൾകൂടി ജൂറി തെരഞ്ഞെടുത്തു. ഈ മൂന്നു നാടകങ്ങൾക്കും പ്രശസ്തി പത്രം ലഭിക്കും.

കുട്ടികളുടെ നാടക വേദിക്ക് നവഭാവുകത്വം നൽകിയ നാടകൃത്തായിരുന്നു ഡി പാണി മാസ്റ്റർ. മുപ്പത് മിനിറ്റ് അവതരണ ദൈർഘ്യം വരുന്ന, പുസ്തക രൂപത്തിലോ മറ്റ്‌ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചതൊ അവതരിപ്പിച്ചു കഴിഞ്ഞതൊ അല്ലാത്ത രചനകളായിരിന്നു മത്സരത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.

നവംബർ 21, ഞായറാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പള്ളി ഹാളിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ വിജയികൾക്ക് കൈമാറും.

ഡി പാണി മാസ്റ്റർ അനുസ്മരണ നാടക പുരസ്‌കാരസമർപ്പണവും, ഒക്ടോബറിൽ സംഘടിപ്പിച്ച എൽ എൻ വി ഗ്ലോബൽ തിയറ്റർ അവാർഡ് സമർപ്പണവും ചേർത്ത് എൽ എൻ വി ഫെയ്‌സ് ബുക്ക് പേജിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോർമുകളിലും സ്ട്രീമിങ് നവംബർ അവസാനവാരം നടക്കുമെന്ന് എൽ എൻ വി സെൻട്രൽ അഡ്മിൻ അംഗങ്ങൾ അറിയിച്ചു.

Related Posts