ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ 5 ശതമാനം പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുമെന്ന് വ്യവസായമന്ത്രി

ചെറുകിട, ഇടത്തരം സംരംഭകർക്ക്‌ 5 ശതമാനം പലിശയിൽ 1 കോടി രൂപ വരെ വായ്‌പ നൽകുമെന്ന് വ്യവസായമന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പുനരാവിഷ്കരിച്ച് സർക്കാർ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ സംരംഭകർക്ക് 7 ശതമാനം പലിശയിൽ 50 ലക്ഷം രൂപ വരെയാണ് നൽകിക്കൊണ്ടിരിക്കുന്നത്. പുതിയ പദ്ധതി വഴി സംരംഭകർക്ക് 1 കോടി രൂപ വരെ 5 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. ഒരു വർഷം 500 സംരംഭങ്ങളെന്ന നിരക്കിൽ 5 വർഷങ്ങൾ കൊണ്ട് 2500 വ്യവസായ സ്ഥാപനങ്ങൾക്ക് സഹായം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ വർഷവും കെഎഫ്‌സി 300 കോടി രൂപ നീക്കിവെയ്ക്കും. പദ്ധതിയിൽ 3 ശതമാനം സബ്‌സിഡി കേരള സർക്കാരും, 2 ശതമാനം സബ്‌സിഡി കെഎഫ്‌സിയും നൽകും.

പദ്ധതി ചിലവിന്റെ 90 ശതമാനം വരെ വായ്പ ലഭിക്കുന്ന പദ്ധതിയിലൂടെ സ്റ്റാർടപ്പുകൾക്കും പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർടപ്പുകൾക്ക് 1 കോടി രൂപവരെയുള്ള വായ്‌പ 5.6 ശതമാനം നിരക്കിൽ ലഭ്യമാക്കും. പുതിയ പദ്ധതികൾക്ക് ഒരു കോടി രൂപയ്ക്ക് മുകളിലും വായ്‌പ ലഭിക്കും. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ 1 കോടി രൂപ വരെയുള്ള വായ്‌പകൾ 5 ശതമാനം നിരക്കിലും ബാക്കി തുക കെഎഫ്‌സിയുടെ സാധാരണ പലിശ നിരക്കിലും ഉൾപെടുത്തിയായിരിക്കും വായ്‌പ അനുവദിക്കുക. 10 വർഷം വരെ തിരിച്ചടവ് കാലാവധി ഉണ്ടാകുമെങ്കിലും പലിശ ഇളവ് 5 വർഷത്തേക്കായിരിക്കും.

Related Posts