തദ്ദേശ ഉപതിരഞ്ഞെടുപ്പ് - വോട്ടര്‍ പട്ടിക പുതുക്കുന്നു
സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനായി കരട് വോട്ടര്‍പട്ടിക ഫെബ്രുവരി 16 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ സ്വീകരിക്കുന്നതാണ്. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16 ന് പ്രസിദ്ധീകരിക്കും.
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 2022 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് തികഞ്ഞിരിക്കണം. പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ www.sec.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കരട് പട്ടികയിലെ ഉള്‍ക്കുറിപ്പുകളില്‍ തിരുത്തലുകളോ സ്ഥാനമാറ്റമോ വരുത്തുന്നതിനുള്ള അപേക്ഷകളും ഓണ്‍ലൈനായി വേണം നല്‍കേണ്ടത്. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങള്‍ നിശ്ചിത ഫാറത്തില്‍ അതാത് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലൂടെയോ നല്‍കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭാ ഓഫീസിലും വില്ലേജാഫീസിലും താലൂക്കാഫീസിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ് സൈറ്റിലും അവ പരിശോധനയ്ക്ക് ലഭ്യമാണ്.
തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒന്നാംകല്ല്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലെ ആനന്ദപുരം, കുഴൂര്‍ ഗ്രാമ പഞ്ചായത്തിലെ കുഴൂര്‍, തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ആലേങ്ങാട്, മുരിയാട് ഗ്രാമപഞ്ചായത്തിലെ തുറവന്‍കാട്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വെളയനാട് എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.