ലോക്സഭാ തെരഞ്ഞെടുപ്പ്; മന്ത്രിമാരും പിബി അംഗങ്ങളും ജനുവരിയിൽ ഭവന സന്ദര്‍ശനം നടത്തും
തിരുവനന്തപുരം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. ആദ്യപടിയായി മന്ത്രിമാരും സി.പി.എം പി.ബി അംഗങ്ങളും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മുന്നോട്ടുവരും. മന്ത്രിമാരുടെയും പിബി അംഗങ്ങളുടെയും ഗൃഹസന്ദർശനങ്ങൾക്കൊപ്പം പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിശദീകരിക്കുന്ന ഹ്രസ്വ രേഖയും ഉണ്ടാകും. ജനുവരി 1 മുതൽ 21 വരെയാണ് ഗൃഹസന്ദർശനം. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ബഫർ സോൺ വിഷയത്തിൽ യു.ഡി.എഫിന് ഇരട്ടത്താപ്പാണെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പിൽ ആരോപിച്ചു. പഴയ നിലപാട് മറച്ചുവച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫിന്‍റെ ശ്രമമെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തൽ. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുവെന്ന് ചൂണ്ടിക്കാണിച്ച് പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കിയ സർക്കാരിനെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം അഭിനന്ദിച്ചു. വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ സർക്കാർ നടത്തിയ ഇടപെടൽ നല്ല ഇടപെടലാണെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ വിശദീകരണം. വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമായേക്കാവുന്ന സമരം നല്ല രീതിയിലാണ് സർക്കാർ അവസാനിപ്പിച്ചതെന്നും നേതൃയോഗം വിലയിരുത്തി.