ലോകായുക്ത നിയമഭേദഗതി; ബദല്‍ നിര്‍ദേശം വയ്ക്കാന്‍ സിപിഐ

തിരുവനന്തപുരം: ലോകായുക്ത വിധി നടപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണമെന്ന നിർദ്ദേശം സി.പി.എമ്മിന് മുന്നിൽ വയ്ക്കാൻ സി.പി.ഐ. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച കേസിൽ ലോകായുക്ത വിധി പറയാൻ ഒരുങ്ങുന്നതിനിടെയാണ് പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നടക്കുന്നത്. ലോകായുക്ത വിധിയിൽ തീരുമാനമെടുക്കാൻ ഗവർണറെയും മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അനുവദിക്കുന്ന സുപ്രധാന ഭേദഗതിയോട് സി.പി.ഐക്ക് വിയോജിപ്പുണ്ട്. ഇത് തങ്ങളുടെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുമെന്ന നിലപാടിലാണ് സി.പി.ഐ. പകരം ലോകായുക്ത വിധി നടത്തിപ്പിന് സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരിക്കുന്ന ആശയമാണ് സി.പി.ഐ ആലോചിക്കുന്നത്. ഇതില്‍ ഒരു സർക്കാർ പ്രതിനിധിയും ഉണ്ടാകും. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം നിയമോപദേശം തേടിയിരുന്നെന്നാണ് വിവരം. ഓഗസ്റ്റ് 20ന് കൊല്ലത്ത് ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. തുടർന്ന് സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐ വിഷയം ഉന്നയിക്കും. ഇക്കാര്യത്തിൽ സി.പി.എം യോജിച്ചാൽ പ്രശ്നപരിഹാരമാകും.

Related Posts