പെട്രോൾ പമ്പിൽ നീണ്ട ക്യൂവും അടിയും ഇടിയും; പട്ടാളത്തെ ഇറക്കി ശ്രീലങ്ക

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ശ്രീലങ്കയില്‍ പെട്രോളിനും ഡീസലിനും വില കുതിച്ചുകയറിയിരിക്കുകയാണ്. എത്ര വില കൊടുത്താലും ഇന്ധനം കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്ത്. അതിരൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് പമ്പുകളില്‍ ക്യൂ നീളുകയും പലയിടത്തും ഇതു ക്രമസമാധാന പ്രശ്‌നത്തിലേക്കു നയിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോള്‍ പമ്പുകളില്‍ സൈന്യത്തിന്റെ മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്.
ആയിരക്കണക്കിനു പേര്‍ മണിക്കൂറുകളോളമാണ് പമ്പുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നത്. പലയിടത്തും ഇവര്‍ അക്രമാസക്തരായി ക്രമസമാധാന പ്രശ്‌നത്തിലേക്കു നീങ്ങുകയും ചെയ്തു. വിലക്കയറ്റത്തിനു പിന്നാലെ മണിക്കൂറുകളോളം നീളുന്ന പവര്‍ കട്ട് കൂടിയായപ്പോള്‍ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്.
ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകള്‍ കാനുകളില്‍ പെട്രോള്‍ വാങ്ങി വില്‍ക്കുന്നുണ്ട്. ലഭ്യമായ ഇന്ധനം പരമാവധി പേര്‍ക്കു വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കടുത്ത വിദേശ നാണ്യ പ്രതിസന്ധി മൂലം ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ഒന്നും ആവശ്യത്തിനു ലഭ്യമാക്കാനാവുന്നില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്.