ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളി; നഷ്ടമായത് സഹോദരിയുടെ വിവാഹത്തിനായി സ്വരുകൂട്ടിയ നാലുലക്ഷം
തൃശ്ശൂർ: ഒൻപതാംക്ലാസുകാരന്റെ ഓൺലൈൻ കളിഭ്രമത്തിൽ നഷ്ടമായത് കൃഷിയും കൂലിപ്പണിയും ചെയ്ത് മകളുടെ വിവാഹത്തിനായി മാതാപിതാക്കൾ സ്വരൂപ്പിച്ച നാലു ലക്ഷം രൂപ. ബാങ്കിൽ ഒരു പൈസപോലും ഇല്ലെന്ന് ഇവർ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനുശേഷമാണ്.
വിവാഹം അടുത്തപ്പോൾ ബാങ്കിൽ നിക്ഷേപിച്ചിരുന്ന നാലു ലക്ഷം രൂപ പിൻവലിക്കുന്നതിനായി ബാങ്കിൽ എത്തിയപ്പോഴാണ് അവർ ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. നിക്ഷേപിച്ചിരുന്ന മുഴുവൻ പണവും പല തവണകളായി ആരോ തട്ടിയെടുത്തിരിക്കുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു.
ഈ രേഖകളുമായി ഇവർ പോലീസിനെ സമീപിച്ചു. പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പോലീസ് പരിശോധിച്ചപ്പോൾ പണം പിൻവലിച്ചതും, പണം വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറിയതുമെല്ലാം അവരുടെ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ആൺകുട്ടിയാണെന്ന് വ്യക്തമായി.
പഠിക്കാൻ മിടുക്കനായ വിദ്യാർഥിക്ക് വീട്ടുകാർ ഒരു മൊബൈൽഫോൺ വാങ്ങിനൽകിയിരുന്നു. മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്തിരുന്ന ഗെയിമിന് അടിമപ്പെട്ടതോടെ പണം കൊടുത്തു പുതിയ പുതിയ സങ്കേതങ്ങൾ അവൻ തേടിപ്പിടിച്ചു വാങ്ങുകയായിരുന്നു. അമ്മയുടെ പേരിലുള്ള സിംകാർഡാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഈ നമ്പർതന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്.
അതുകൊണ്ട് തന്നെ ബാങ്കിൽനിന്നുള്ള മെസ്സേജുകൾ വിദ്യാർഥിയുടെ തന്നെ ഫോണിലേക്കാണ് വന്നിരുന്നത്. ഓരോ ഇടപാടുകൾക്കും അവൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയും മൊബൈൽഫോണിലൂടെ ഒറ്റത്തവണ പാസ് വേഡുകൾ നൽകുകയും ചെയ്തു. അങ്ങിനെയാണ് അവർ സ്വരുകൂട്ടിയ മുഴുവൻ പണവും ബാങ്ക് അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ടത്.
വീടിനകത്ത് ഓൺലൈൻ പഠനം നടക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ കുട്ടികൾ ചെന്നുചാടുന്ന അപകടങ്ങളിലേക്കാണ് ഓരോ സംഭവങ്ങളും വിരൽചൂണ്ടുന്നത്. അബദ്ധംപറ്റിയ ഒമ്പതാംക്ലാസുകാരന് പോലീസുതന്നെ കൗൺസിലിങ് ഏർപ്പെടുത്തി.