പ്രണയം ഫുട്ബോളിനോട്; ശരീരം മുഴുവൻ 32 രാജ്യങ്ങളുടെ സീലുകൾ ടാറ്റൂ ചെയ്ത് 54 കാരൻ
യുകെ : ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്ന യുകെയിൽ നിന്നുള്ള ഒരു ഫുട്ബോൾ പ്രേമിയാണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. വേർതിരിവ് നൽകാതെ എല്ലാ രാജ്യങ്ങളെയും ഒന്നായി കണ്ട്, ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ട് 32 രാജ്യങ്ങളുടെ സീലുകള്‍ സ്വന്തം ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ഇയാൻ ഓഡ്‌ജേഴ്‌സ് എന്ന 54 കാരൻ. ഫുട്ബോൾ മത്സരങ്ങൾ കാണാനായി അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളുടെ മുദ്രകളാണ് ശരീരത്തിൽ ടാറ്റു ചെയ്തിരിക്കുന്നത്. അദ്ദേഹം സ്വന്തം ശരീരം ഒരു പാസ്പോർട്ടാക്കി മാറ്റിയിരിക്കുകയാണ്. തന്‍റെ പാസ്പോർട്ടിന്‍റെ കോപ്പി ടാറ്റൂ ആർട്ടിസ്റ്റിനെ കാണിച്ചാണ് ഇദ്ദേഹം ഫുട്ബോള്‍ കാണാനായി സന്ദര്‍ശിച്ച രാജ്യങ്ങളുടെ സീലുകള്‍ ഇത്തരത്തിൽ ശരീരത്തിൽ ടാറ്റു ചെയ്തത്. ഇപ്പോൾ 32 എണ്ണം മാത്രമേ ആയിട്ടുള്ളൂവെന്നും എന്നാൽ കൂടുതൽ രാജ്യങ്ങളുടെ മുദ്രകൾ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്യുമെന്നും ഇയാൻ പറയുന്നു.