ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ ഇന്നു മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കുകിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ മേഖല ശക്തി പ്രാപിച്ചു. ഇതിന്‍റെ ഫലമായി ഇന്ന് മുതൽ തിങ്കൾ വരെ സംസ്ഥാനത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ ന്യൂനമർദം വടക്ക് പടിഞ്ഞാറോട്ട് നീങ്ങി നാളെ രാവിലെ തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങി തമിഴ്നാട്-പുതുച്ചേരി, കേരളം എന്നിവയ്ക്ക് മുകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.