പാചകവാതക വിലവര്‍ധനവ് കേന്ദ്രസര്‍ക്കാരിന്റെ ക്രൂരത; കെ കെ വത്സരാജ്.

തൃശ്ശൂർ:

എല്ലാദിവസവും പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കുന്നതിന് പുറമേ പാചകവാതകത്തിന്റേയും വില വന്‍ തോതില്‍ വര്‍ധിപ്പിച്ച നടപടി കേന്ദ്ര സര്‍ക്കാരിന്റെ ക്രൂരതയാണ് തുറന്നു കാട്ടുന്നതെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് പറഞ്ഞു. പാചകവാതക വിലവര്‍ധനവിനെതിരെ കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം തൃശൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റുന്ന തരത്തിലുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പ്രതിസന്ധി ഇനിയും ജനങ്ങളെ വിട്ട് അകന്നിട്ടില്ല. ആ സമയത്താണ് ജനങ്ങളുടെ മേല്‍ അമിത ഭാരം കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവാത്ത അവസ്ഥയാണ് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ മൂലം രാജ്യത്തുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹിളാസംഘം ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷീന പറയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം സ്വര്‍ണ്ണലത, സംസ്ഥാന കമ്മിറ്റി അംഗം സി ആര്‍ റോസിലി, ജ്യോതിലക്ഷ്മി സി ജി, സജ്‌ന പര്‍വിന്‍, ശാന്ത അപ്പു എന്നിവര്‍ സംസാരിച്ചു.

Related Posts