ലഫ്. ജനറൽ അസീം മുനീർ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി
ഇസ്‍ലാമാബാദ്: പാകിസ്താന്‍റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്‍റ് ജനറൽ അസീം മുനീർ. ട്വിറ്ററിലൂടെയാണ് പുതിയ മേധാവിയുടെ നിയമനം ഇൻഫർമേഷൻ മിനിസ്റ്റർ അറിയിച്ചത്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് വർഷത്തെ സേവനത്തിന് ശേഷം ഖമർ ജാവേദ് ബജ്വ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ സേനാ മേധാവിയെ നിയമിച്ചിരിക്കുന്നത്. നവംബർ 29നാണ് ഖമർ ജാവേദ് ബജ്വയുടെ കാലാവധി അവസാനിക്കുന്നത്. അദ്ദേഹത്തിന്‍റെ കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടിയിരുന്നു. അതിനുശേഷമാണ് വിരമിക്കൽ. കാലാവധി ഒരു തവണ കൂടി നീട്ടണമെന്ന ആവശ്യം നിരസിക്കപ്പെട്ടു. അതേസമയം, ലഫ്റ്റനന്‍റ് ജനറൽ സാഹിർ ഷംഷാദ് മിർസയെ ജോയിന്‍റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി തിരഞ്ഞെടുത്തു. കഴിഞ്ഞ ആറ് വർഷത്തിനിടെ പാക് സൈനിക മേധാവിയും കുടുംബവും കോടീശ്വരൻമാരായി മാറിയെന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പാക് കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ അടുത്ത കുടുംബാംഗങ്ങളുടെ ആസ്തിയിലും വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ജനറൽ ഖമർ ജാവേദ് ബജ്വയുടെ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് റിപ്പോർട്ട് വന്നത്.