ഡല്‍ഹിയില്‍ ആഡംബര റെസ്‌റ്റോറന്റുകൾക്കും ബാറുകൾക്കും ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കാം
ന്യൂഡല്‍ഹി: ഡൽഹിയിലെ ആഡംബര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി. ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വികെ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ഷെഡ്യൂൾ. ഫോർ സ്റ്റാർ, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്കും ബാറുകൾക്കും 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കാം. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ എന്നിവിടങ്ങളിലെ റെസ്റ്റോറന്‍റുകൾക്കും 24 മണിക്കൂർ പ്രവർത്തിക്കാൻ അനുവാദമുണ്ട്. ത്രീ സ്റ്റാർ ഹോട്ടലുകളിലെ റെസ്റ്റോറന്‍റുകൾക്ക് പുലർച്ചെ 2 മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്. മറ്റ് റെസ്റ്റോറന്‍റുകൾക്ക് രാവിലെ ഒരു മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. അപേക്ഷ നൽകി 49 ദിവസത്തിനകം ലൈസൻസ് നൽകും. പൊലീസ് വെരിഫിക്കേഷൻ പ്രക്രിയ ഓൺലൈനാക്കും.