'അശ്വത്ഥാമാവ് വെറും ഒരു ആന'; എം ശിവശങ്കറിൻ്റെ ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും

കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ആത്മകഥ പുറത്തിറങ്ങുന്നു. ശനിയാഴ്ചയാണ് പ്രകാശനം. ഡി സി ബുക്സ് ആണ് പ്രസാധകർ.

അടുത്തിടെ സർവീസിൽ തിരിച്ചെത്തിയ ശിവശങ്കർ സർക്കാരിൻ്റെ അനുമതി നേടിയതിനു ശേഷമാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ജയിൽ അനുഭവങ്ങളും കേസിൽ അകപ്പെട്ടതിനെ തുടർന്ന് ജീവിതത്തിൽ അനുഭവിച്ച പ്രതിസന്ധികളുമെല്ലാം പുസ്തകത്തിൽ വിവരിക്കും. നിലവിൽ സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ശിവശങ്കർ.

"ആർക്കോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിൻ്റെ അനുഭവ കഥ. അധികാരത്തിൻ്റെ ഉന്നതിയിൽ ഇരുന്നിട്ടും പലവിധ അധികാര രൂപങ്ങളാൽ വേട്ടയാടപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ്റെ അനുഭവ കഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി, പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്, " പുസ്തകത്തിൻ്റെ പുറം കവറിൽ പറയുന്നു.

Related Posts