എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ
മസ്കറ്റ്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്ന് ആദ്യത്തെ റെസിഡൻസ് വിസ എം എ യൂസഫലി ഏറ്റുവാങ്ങി. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്ക് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകി.
ഒമാൻ 2040 എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഈ ആദരവെന്ന് ഒമാൻ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ഖാലിദ് ബിൻ സഈദ് അൽ ശുഐബി വ്യക്തമാക്കി. ദീർഘകാല റസിഡൻസ് സംവിധാനത്തെ അംഗീകാരവും ആദരവുമായി കണ്ട് വിനയത്തോടെ സ്വീകരിക്കുന്നതായി എം എ യൂസഫലി പ്രതികരിച്ചു.
ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ഒമാൻ ഇത്തരത്തിൽ ദീർഘ കാല റെസിഡൻസ് പരിഗണന നൽകുന്നത് .
യു എ ഇയുടെ ഗോൾഡൻ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡൻസി എന്നിവയും ഇതിനുമുമ്പ് യൂസഫലിക്ക് ലഭിച്ചിരുന്നു.