എളവള്ളിയിൽ കുടുംബശ്രീ മാസച്ചന്ത തുറന്നു
എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനോട് ചേർന്ന് കുടുംബശ്രീ -സി ഡി എസ് നേതൃത്വത്തിൽ മാസച്ചന്ത തുറന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, പച്ചക്കറി, കോഴിമുട്ട, വിവിധ തരം ചിപ്സുകൾ, കൊണ്ടാട്ടം, മുളകുപൊടി, മല്ലിപ്പൊടി എന്നിവയാണ് വിൽപ്പന നടത്തുന്നത്. ആഴ്ചയിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ചന്ത നടത്തിവരുന്നുണ്ട്. ഇതുകൂടാതെ വെങ്കിടങ്ങ്, പാവറട്ടി, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് വിൽപ്പന കേന്ദ്രമായാണ് മാസത്തിൽ മൂന്നുദിവസം ചന്ത നടത്തുന്നത്. ചന്തയുടെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ ബി ജയ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, സനിൽ കുന്നത്തുള്ളി, സൗമ്യ രതീഷ്, ലിസി വർഗ്ഗീസ്, ജീന അശോകൻ, പി എം അബു, കുടുംബശ്രീ ചെയർപേഴ്സൺ കെ ആർ രാഗി, ബ്ലോക്ക് കോർഡിനേറ്റർ ഐറ്റി വർഗ്ഗീസ് സി, മൈക്രോ എൻ്റർപ്രൈസസ് കൺവീനർ ജിനി ആൻ്റോ, കൃഷി ഓഫീസർ പ്രശാന്ത് അരവിന്ദ് കുമാർ എന്നിവർ പങ്കെടുത്തു.