മനം നിറയ്ക്കാന്‍ മച്ചാട്' ടൂറിസം വികസനത്തിനായി പദ്ധതികള്‍

തൃശൂരിൻ്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ മച്ചാട്. ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികളാണ് ഇവിടെ ഒരുങ്ങുന്നത്. തെക്കുംക്കര, മണലിത്ര, വിരുപാക്ക, കരുമത്ര എന്നി നാല് വില്ലേജുകള്‍ ചേര്‍ന്നതാണ് മച്ചാട് ദേശം. ഈ പ്രദേശമാണ് ഇന്ന് തെക്കുംകര പഞ്ചായത്ത്. സഹ്യപര്‍വതനിരകള്‍ അതിരിടുന്ന ചക്രവാളവും നിബിഢ വനവൃക്ഷങ്ങളെ തഴുകിയെത്തുന്ന ഇളംകാറ്റും, കണ്‍ മുന്നില്‍ മിന്നിമറയുന്ന അപൂര്‍വയിനം പക്ഷി മൃഗാദികളുമൊക്കെയായി സഞ്ചാരികളുടെ മനം മയക്കുകയാണ് മച്ചാട്.

*ചരിത്രവഴികളില്‍ വാഴാനി

വാഴാനി അണക്കെട്ട് ഉള്‍പ്പെട്ട മച്ചാട് പ്രദേശത്തിൻ്റെ ഭൂതകാല ശേഷിപ്പുകള്‍ സംഘകാലകൃതികളില്‍ വരെ എത്തിനില്‍ക്കുന്നതാണ്. മതിയായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട് മാത്രം ചരിത്രത്താളുകളില്‍ ഇടം പിടിക്കാനാകാതെ വിസ്മൃതിയിലായ നിരവധി ചരിത്ര അവശിഷ്ടങ്ങള്‍ മച്ചാടിൻ്റെ പ്രാന്തപ്രദേശങ്ങളില്‍ കാണാം. എട്ടും ഒമ്പതും ശതകങ്ങളില്‍ കേരളം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ സാമീപ്യമുണ്ടായിരുന്നതിൻ്റെ അടയാളങ്ങള്‍ ഈ മേഖലയില്‍ കാണാം.

*നാഴികക്കല്ലായ സര്‍ക്കാര്‍ ഇടപെടലുകള്‍

1951ല്‍ 107.57 ലക്ഷം നിര്‍മാണ ചെലവില്‍ പണി ആരംഭിച്ച് 1959 പൂര്‍ത്തീകരിച്ചതാണ് വാഴാനി ഡാമിൻ്റെ ചരിത്രം. 18.121 ക്യൂബിക് മില്ലിമീറ്റര്‍ സംഭരണശേഷിയുണ്ട് ഈ ഡാമിന്.ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ ഗ്രീന്‍ കാര്‍പെറ്റ് പദ്ധതി നടപ്പിലാക്കിയതോടെയാണ് കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ വാഴാനി സ്ഥാനമുറപ്പിച്ചത്. ടൂറിസം ജനകീയമാക്കുന്നതിൻ്റെ ഭാഗമായി റാമ്പുകള്‍, ബാരിയര്‍ ഫ്രീ സംവിധാനങ്ങള്‍, ലാക്ടേഷന്‍ റൂം സൗകര്യം, മാലിന്യ നിര്‍മാര്‍ജനത്തിനായി തുമ്പൂര്‍മുഴി മോഡല്‍ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ്, എന്നിവ സര്‍ക്കാര്‍ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

*സഞ്ചാരികളെ കാത്ത്

മറക്കാനാകാത്ത അനുഭവങ്ങളാണ് മച്ചാട് വനയാത്രയില്‍ സഞ്ചാരികള്‍ക്കായിപ്രകൃതി ഒരുക്കി വെച്ചിരിക്കുന്നത്. തേന്‍ സംഭരണിയായ തേന്‍വാതില്‍, തേക്കുരുട്ടി, കിടാരം വെള്ളച്ചാട്ടം, ശിലാനിര്‍മ്മിതമായ വലിയ പത്തായം പൂട്ടി, ഓട കുണ്ട്, പാളികല്ലുകളാല്‍ നിര്‍മ്മിച്ച മുനിയറകള്‍, പ്രാചീന കൃഷിയിടങ്ങള്‍ എന്നിവയുടെ കൃത്യമായ തെളിവുകള്‍ കണ്ട് മനം നിറയ്ക്കാം. പത്തായം പൂട്ടി പച്ച, കരിന്താളി പച്ച, ഏതുകാലത്തും ഈര്‍പ്പം നഷ്ടപ്പെടാതെ കാട്ടുതീ പടരാതെ കുളിര്‍മ്മയേകുന്ന വനമേഖലയാണ്. വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വിവിധയിനം മത്സ്യങ്ങളുടെ മിന്നലാട്ടവും മനം നിറയ്ക്കുന്ന കാഴ്ചയാണ്.

*അണകെട്ട് കേന്ദ്രീകരിച്ച് നടക്കുന്ന പദ്ധതികള്‍

വാഴാനി ജലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി ഒരു പ്രോജക്ട് അഡൈ്വസറി കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കണ്‍വീനറായ സമിതിയില്‍ ബ്ലോക്ക് പ്രസിഡൻ്റെ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍, ഓരോ പാടശേഖര സമിതിയില്‍ നിന്നും ഒരാള്‍ വീതം ഈ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഈ സമിതിയാണ് പ്രദേശത്തെ കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ ഉദ്യാനം, കുട്ടികള്‍ക്കായി കളിസ്ഥലം, കഫ്റ്റീരിയ, ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്, ഓപ്പണ്‍ തിയേറ്റര്‍, ഹാങ്ങിങ് ബ്രിഡ്ജ്, സ്വിമ്മിംഗ് പൂള്‍, ആധുനിക ശൗചാലയം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം തുടങ്ങി സഞ്ചാരി സൗഹൃദമായ ഒട്ടനവധി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related Posts