അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കി മാടക്കത്തറ ഗ്രാമപഞ്ചായത്ത്
കൊവിഡ് പ്രതിരോധത്തില്‍ അതിഥി തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് മാടക്കത്തറ ഗ്രാമപഞ്ചായത്ത്. ഒറ്റ ദിവസം പഞ്ചായത്തിലെ 430 അതിഥി തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. പൊങ്ങണംക്കാട് സെന്റ് എലിസബത്ത് സ്‌കൂളിലാണ് വാക്‌സിനേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. പഞ്ചായത്തിലെ നഴ്‌സറി, ഫാക്ടറി, ഗോഡൗണ്‍, ഹോട്ടല്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്.സ്ഥാപന ഉടമകളുടെ നേതൃത്വത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കൊവിസ് പ്രതിരോധം ശക്തമാകുന്നതിൻ്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അതിഥി തൊഴിലാളികള്‍ക്കും വാക്‌സിന്‍ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍ പറഞ്ഞു. മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ കെ രാഹുല്‍, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹന്‍, വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര എന്നിവരും വാക്‌സിനേഷന് നേതൃത്വം നല്‍കി. കിടപ്പ് രോഗികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ആദ്യ ഡോസ് വാക്‌സിനേഷന്‍ മാടക്കത്തറ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തിയാണ് വാക്‌സിന്‍ നല്‍കിയത്. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുന്‍ഗണനാവിഭാഗങ്ങളെ തിരഞ്ഞെടുത്തത്.