മദാം തുസാഡ്സ് മെഴുകു മ്യൂസിയം ഇനി ദുബായിലും, എക്സ്പോ സന്ദർശകർക്ക് ആഹ്ലാദിക്കാൻ ഒരു കാരണം കൂടി

ലോക പ്രശസ്തമായ മദാം തുസാഡ്സ് മെഴുകു മ്യൂസിയത്തിന്റെ ദുബൈ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ ഉൾപ്പെടെ അറുപതോളം സെലിബ്രിറ്റികളുടെ ജീവൻ തുളുമ്പുന്ന മെഴുക് പ്രതിമകളാണ് ദുബൈ വാക്സ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

ലണ്ടൻ നഗരം സന്ദർശിക്കുന്നവർ ഒരു കാരണവശാലും മിസ്സാക്കാൻ ഇടയില്ലാത്ത ഫേവറിറ്റ് ടൂറിസ്റ്റ് സ്പോട്ടായാണ് മദാം തുസാഡ്സ് അറിയപ്പെടുന്നത്. ലോകത്തെ 250 ഓളം പ്രമുഖരുടെ ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന വിസ്മയകരമായ മെഴുക് പ്രതിമകളാണ് ലണ്ടൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ സെൽഫി സ്പോട്ടായും മദാം തുസാഡ്സ് കാഴ്ചക്കാരെ ആകർഷിക്കുന്നു.

അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലും ഷോറൂമുകളുള്ള മ്യൂസിയം ആദ്യമായാണ് അറബ് ലോകത്ത് എത്തുന്നത്. ദശലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന എക്സ്പോ കാലത്ത് തുറക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ബാറ്റ് ഏന്തി നിൽക്കുന്ന കോലിയും പന്ത് തട്ടുന്ന മെസ്സിയും ആരാധകരെ വിസ്മയത്തുമ്പത്തെത്തിക്കും എന്നതിൽ സംശയമില്ല.

മിഡിൽ ഈസ്റ്റ് സെലിബ്രിറ്റികൾ തന്നെ പതിനാറു പേരുണ്ട്. എലിസബത്ത് രാജ്ഞി, അമിതാഭ് ബച്ചൻ, ജാക്കി ചാൻ, ലേഡി ഗാഗ, പോപ് ഗായിക റിഹാന, ലബനീസ് പോപ് താരങ്ങളായ നാൻസി അജ്റാം, മയ ദിയാബ്, പാലസ്തീൻ ഗായകൻ മുഹമ്മദ് അസാഫ്, ക്രിസ് ഫെയ്ഡ് എന്നിവരെയും ദുബായ് വാക്സ് മ്യൂസിയത്തിൽ കാണാം. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗത്ഭരായ താരങ്ങൾക്കു പുറമേ ലോക പ്രശസ്ത മോഡലുകൾ, സ്പോർട്സ് താരങ്ങൾ, പ്രഗത്ഭരായ രാഷ്ട്രീയ നേതാക്കൾ, എഴുത്തുകാർ, മദർ തെരേസ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങൾ തുടങ്ങി മെഴുകിൽതീർത്ത ശരിക്കും ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന കൗതുകങ്ങളാണ് മദാം തുസാഡ്സിൽ കാഴ്ചക്കാരെ കാത്തിരിക്കുന്നത്. ടിക്കറ്റുകൾ അതിവേഗം വിറ്റഴിയുന്നതായാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്.

ശില്പികളും മേക്കപ്പ് കലാകാരന്മാരും വാക്സ് ആർടിസ്റ്റുകളും ഹെയർ സ്റ്റൈലിസ്റ്റുകളും ഉൾപ്പെടെ ഇരുപത്തഞ്ചോളം പേർ മൂന്നു മാസത്തിലേറെക്കാലം പ്രയത്നിച്ചാണ് ഓരോ മെഴുക് പ്രതിമയും അത്ഭുതകരമായ മികവോടെ നിർമിച്ചെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പ്രതിമകൾ ലണ്ടനിലെ മദാം തുസാഡ്സിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രഗത്ഭരായ വ്യക്തിത്വങ്ങളെ നേരിൽ സന്ദർശിച്ച് അവരുടെ അനുമതിയോടെ ശരീരത്തിന്റെ കൃത്യതയാർന്ന അളവുകൾ എടുത്തതിനു ശേഷമാണ് പ്രതിമാ നിർമാണത്തിലേക്ക് കടക്കുന്നത്.