മാധബി പുരി ബുച്ച് പുതിയ സെബി ചെയര്‍മാന്‍; സെബിയുടെ തലപ്പത്ത് ആദ്യമായി വനിത

ന്യൂഡല്‍ഹി: ഓഹരി വിപണി നിയന്ത്രണ സംവിധാനമായ സെബിയുടെ തലപ്പത്തേയ്ക്ക് വനിത. മാധബി പുരി ബുച്ചിനെ പുതിയ സെബി ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി പൂര്‍ത്തിയാവുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.മൂന്ന് വര്‍ഷത്തേയ്ക്കാണ് നിയമനം.

മാധബി പുരി ബുച്ചിനെ സെബിയുടെ പുതിയ ചെയര്‍മാനായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭാ നിയമനകാര്യ സമിതി അംഗീകരിക്കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ തന്നെ പുറത്തിറക്കുന്നതാണ്. സെബിയുടെ മുഴുവന്‍ സമയ അംഗമായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചൈനയിലെ ഷാങ്ഹായ് ന്യൂ ഡവലപ്പ്‌മെന്റ് ബാങ്കിന്റെ കണ്‍സള്‍ട്ടന്റായിരുന്നു മാധബി പുരി ബുച്ച്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ എംഡിയായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ മാധബി പുരി, അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നാണ് എംബിഎ കരസ്ഥമാക്കിയത്. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗി 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Related Posts