മധു വധക്കേസ്; 11 പ്രതികളുടെ ജാമ്യം റദ്ദാക്കി
കൊച്ചി: അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾക്കു തിരിച്ചടി. ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. പതിനൊന്നാം പ്രതി അബ്ദുൾ കരീം ഒഴികെയുള്ള 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ മണ്ണാർക്കാട് എസ് സി എസ് ടി കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ജാമ്യം ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തി. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് 11 പ്രതികളും മണ്ണാർക്കാട് കോടതിയിൽ ഹാജരായി. ഇവരെ റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും. അതേസമയം പ്രോസിക്യൂഷന് പിന്നാലെ മധുവിന്‍റെ അമ്മയും കോടതി നടപടികളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. മധുവിന്‍റെ അമ്മയുടെയും സഹോദരിയുടെയും സാക്ഷിമൊഴി ഇന്ന് രേഖപ്പെടുത്താനിരുന്നെങ്കിലും പുതിയ ഹർജി തീർപ്പാക്കുന്നതുവരെ വാദം കേൾക്കൽ നീട്ടുകയായിരുന്നു.