സിനിമ കാണാന്‍ പോലീസുകാര്‍ക്ക് അവധി നൽകുമെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപ്പാല്‍: 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ കാണാന്‍ മധ്യപ്രദേശ് പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്നും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ സക്സേനയ്ക്ക് നല്‍കിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

വിവേക് അഗ്നിഹോത്രിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടര്‍ന്ന് പലായനം ചെയ്യുന്ന കശ്മീര്‍ ഹിന്ദുക്കളുടെ പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ചിത്രത്തിന്റെ വിനോദനികുതി ഒഴിവാക്കിയതായി അറിയിച്ചിരുന്നു. 90 കളില്‍ കശ്മീരി ഹിന്ദുക്കള്‍ അഭിമുഖീകരിച്ച വേദനയും കഷ്ടപ്പാടും അതിജീവനത്തിനുളള പോരാട്ടവും ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചതായി മുഖ്യമന്ത്രി ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. സിനിമ പരമാവധി ആളുകള്‍ കാണേണ്ടതിനാലാണ് വിനോദനികുതി ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്.

Related Posts