മുൻകരുതൽ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്തുണ്ടാവുമെന്ന് 19 വയസ്സുള്ള പെൺകുട്ടിക്ക് അറിയാം; ഗർഭഛിദ്രത്തിനുളള അപേക്ഷ തള്ളി കോടതി
12 ആഴ്ചയിൽ കൂടുതൽ വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ 19 കാരി നൽകിയ അപേക്ഷ തള്ളി മധ്യപ്രദേശ് ഹൈക്കോടതി. മുൻകരുതലില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭിണിയാകും എന്ന കാര്യം തിരിച്ചറിയാനുള്ള പ്രായവും വകതിരിവും പെൺകുട്ടിക്കുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി അപേക്ഷ നിരസിച്ചത്.
കഴിഞ്ഞ നാലഞ്ച് വർഷമായി പെൺകുട്ടി ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യാമെന്ന് കാമുകൻ ഉറപ്പു നൽകിയിരുന്നു. തൻ്റെ സമ്മതമില്ലാതെയാണ് അയാൾ തന്നെ ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയായപ്പോൾ ഉപേക്ഷിച്ചെന്നും പെൺകുട്ടി നൽകിയ അപേക്ഷയിൽ പറയുന്നു. ഗർഭഛിദ്രം നടത്താനുള്ള അനുമതിക്കായാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.
1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമപ്രകാരം 12 ആഴ്ചയിൽ കൂടുതൽ വളർച്ചയെത്തിയതും 20 ആഴ്ച കവിയാത്തതുമായ ഗർഭം അലസിപ്പിക്കാൻ രണ്ട് രജിസ്റ്റേർഡ് ഡോക്ടർമാരുടെ വിദഗ്ധോപദേശം ആവശ്യമാണ്. കുഞ്ഞിൻ്റെ ജനനം അമ്മയുടെ ജീവന് ഭീഷണിയാണെന്നും ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ വെല്ലുവിളിയാവുമെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തണം.