വിക്രമും മകൻ ധ്രുവും ഒന്നിക്കുന്ന 'മഹാൻ', റിലീസ് ആമസോൺ പ്രൈമിൽ
തെന്നിന്ത്യൻ താരം വിക്രമും മകൻ ധ്രുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മഹാൻ' റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസിന് എത്തുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. വിക്രമിന്റെ കരിയറിലെ 60ാമത്തെ ചിത്രം എന്ന പ്രത്യേകതയും മഹാനുണ്ട്.
ആമസോണ‍്‍ പ്രൈം തന്നെയാണ് സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.