ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധി ചെയ്യുമെന്ന് ഭീഷണി

ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അങ്ങിനെ ചെയ്തില്ലെങ്കിൽ സരയൂ നദിയിൽ ജലസമാധി ചെയ്യുമെന്നും ജഗദ്ഗുരു പരമഹംസ ആചാര്യ മഹാരാജ്.

ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും നരേന്ദ്ര മോദി സർക്കാരിനോട് മഹാരാജ് ആവശ്യപ്പെട്ടിട്ടുണ്ട്. "ഒക്ടോബർ രണ്ടോടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം സരയൂ നദിയിൽ ഞാൻ ജലസമാധി ചെയ്യും," ഹിന്ദു സന്യാസിയെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കണമെന്ന ആവശ്യം ഉന്നയിച്ച് നേരത്തേ മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചയാളാണ് മഹാരാജ്. 15 ദിവസം പിന്നിട്ടപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട പൂജയുടെ മുഹൂർത്തത്തെ ചൊല്ലി ദ്വാരക ശാരദാ പീഠം പ്രമുഖ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദയുമായി കലഹിച്ചയാളാണ് ആചാര്യ മഹാരാജ്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ ഭൂമി ഇടപാടുകൾക്കെതിരെ ആം ആദ്മി പാർട്ടിയും സമാജ് വാദി പാർട്ടിയും രംഗത്തു വന്നപ്പോൾ ഇരു പാർട്ടികൾക്കും എതിരെ 1000 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.

Related Posts