രാജ്യത്ത് ആദ്യമായി വാക്സിൻ വിതരണത്തിന് ഡ്രോൺ ഉപയോഗപ്പെടുത്തി മഹാരാഷ്ട്ര
വിദൂരമായ ഒരു ഗ്രാമത്തിലെ ദുർഘടമായ ഭൂപ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് വാക്സിൻ വിതരണം നടത്തി മഹാരാഷ്ട്ര. രാജ്യത്ത് ആദ്യമായാണ് വാക്സിൻ വിതരണത്തിൽ ഡ്രോൺ ഉപയോഗപ്പെടുത്തുന്നത്. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലാ ഭരണകൂടമാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയതും അതിൽ വിജയം കൈവരിച്ചതും.
300 വാക്സിൻ അടങ്ങിയ ഒരു ബാച്ചാണ് ജവഹറിൽ നിന്ന് സാപ് ഗ്രാമത്തിലേക്ക് കൊണ്ടുപോയത്. ട്രൈബൽ മേഖലയിലാണ് വാക്സിൻ വിതരണം ചെയ്യേണ്ടിയിരുന്നത്. റോഡ് മാർഗം കൊണ്ടുപോകാൻ 40 മിനിറ്റിലധികം വേണമായിരുന്നു. എന്നാൽ ഡ്രോൺ ഉപയോഗിച്ച് വെറും ഒമ്പത് മിനിറ്റിനുള്ളിലാണ് ദൗത്യം പൂർത്തിയാക്കിയതെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 20 കിലോമീറ്റർ ദൂരമാണ് ഡ്രോൺ വാക്സിനുമായി സഞ്ചരിച്ചത്.