സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര; നടപടി വധഭീഷണിയെ തുടർന്ന്
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ നൽകാൻ മഹാരാഷ്ട്ര സർക്കാർ. വധഭീഷണിയെ തുടർന്ന് സൽമാന്‍റെ സുരക്ഷ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിൽ ജയിലിലായ ലോറൻസ് ബിഷ്ണോയ് സംഘത്തിൽ നിന്ന് സൽമാന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നടൻമാരായ അക്ഷയ് കുമാർ, അനുപം ഖേർ എന്നിവർക്കും സർക്കാർ 'എക്സ്' കാറ്റഗറി സുരക്ഷ അനുവദിച്ചതായി റിപ്പോർട്ട് ഉണ്ട്. ജൂണിൽ സൽമാൻ ഖാനും പിതാവ് സലിം ഖാനും വധഭീഷണി കത്ത് ലഭിച്ചിരുന്നു. പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസവാലയുടെ അവസ്ഥയുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതേതുടർന്ന് ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സൽമാന്‍റെ സുരക്ഷ മുംബൈ പൊലീസ് ശക്തമാക്കി. സ്വയരക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസും അനുവദിച്ചു. ഇപ്പോഴിതാ താരത്തിന് വൈ പ്ലസ് സുരക്ഷ നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനർത്ഥം ഇനി മുതൽ സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സൽമാന്‍റെ സുരക്ഷയ്ക്കായി ഒപ്പമുണ്ടാകുമെന്നാണ്. മുംബൈ, പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ സൽമാനെ വധിക്കാൻ ബിഷ്ണോയിയുടെ സംഘം ശ്രമിച്ചതായി കണ്ടെത്തിയിരുന്നു. 2017ൽ ബാന്ദ്രയിലെ വസതിയിലും 2018ൽ പൻവേലിലെ ഫാം ഹൗസിലുമായിരുന്നു ശ്രമമെന്നാണ് റിപ്പോർട്ട്.