മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്ത്

2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിലെ ആദ്യ ഗാനം പുറത്തുവന്നു.

ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എഡി എഴുതിയ അതി മനോഹരമായ മെലഡി ഗാന വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്റാന്‍ ആണ്. സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ഇതിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധാനം.

മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്, മലയാളം എന്നീ ഭാഷകളിലും മേജര്‍ റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. 2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

Related Posts