മകരവിളക്കിന് പ്രതീക്ഷിക്കുന്നത് റെക്കോർഡ് തീർത്ഥാടകരെ; വൻ സുരക്ഷയൊരുക്കാൻ പൊലീസ്

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് പഴുതടച്ച സുരക്ഷ ഒരുക്കാൻ പൊലീസ്. സന്നിധാനത്ത് മാത്രം മൂവായിരത്തിലധികം പൊസുകാർ ഡ്യൂട്ടിയിലുണ്ടാകും. കൊവിഡ് കാലത്തിന് ശേഷം വരുന്ന മകരവിളക്ക് മഹോത്സവത്തിന് റെക്കോർഡ് തീർത്ഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനത്തിനായി ഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. തീർത്ഥാടകർക്ക് സൗകര്യപ്രദമായ ദർശനവും സുരക്ഷയും ഒരുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. തീർത്ഥാടകർ കൂടുതലെത്തുന്ന പാണ്ടിത്താവളം, മാഗുംണ്ട, അയ്യപ്പനിലയം തുടങ്ങിയ പോയിന്റുകളിലെല്ലാം മതിയായ സുരക്ഷ ഉറപ്പാക്കും. പൊലീസ്, ആർ.എ.എഫ്, എൻ.ഡി.ആർ.എഫ്, റവന്യൂ എന്നിവയുടെ സംയുക്ത സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. ചില സ്ഥലങ്ങളിൽ കൂടുതൽ ബാരിക്കേഡുകളും ലൈറ്റുകളും സ്ഥാപിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിലയ്ക്കലിലെ പാർക്കിംഗ് ഫീസിന്‍റെ ചുമതല ദേവസ്വം ബോർഡ് ഏറ്റെടുത്തു. നേരത്തെ നൽകിയ കരാർ റദ്ദാക്കി. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് കരാർ ഏറ്റെടുത്തത്. ടെൻഡർ തുക പൂർണ്ണമായി അടയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് കരാർ റദ്ദാക്കിയത്. 3.50 കോടി രൂപയുടെ കരാറിൽ 1.30 കോടി രൂപയാണ് സജീവൻ നൽകേണ്ടിയിരുന്നത്. ഇതിനായി സജീവൻ സാവകാശം തേടിയിരുന്നു. എന്നാൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നോട്ടീസുകൾ നൽകിയതല്ലാതെ ദേവസ്വം ബോർഡ് സമയം നീട്ടിയില്ല. ഇതോടെയാണ് നേരിട്ട് പാർക്കിംഗ് ഫീസ് ഈടാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.

Related Posts