മനോജ് കെ ജയൻ പാടുന്നു, അൻഷാദ് തൃശൂരിൻ്റെ സംഗീതത്തിൽ; 'മക്കത്തെ ചന്ദ്രിക' റിലീസ് ചെയ്യുന്നത് മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ
പ്രശസ്ത അഭിനേതാവ് മനോജ് കെ ജയൻ ഗാനം ആലപിക്കുന്ന സംഗീത ആൽബത്തിൻ്റെ പ്രകാശനം തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് വൈകീട്ട് 5 മണിക്ക് മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിക്കും. മക്കത്തെ ചന്ദ്രിക എന്നാണ് ആൽബത്തിൻ്റെ പേര്.
ഫൈസൽ പൊന്നാനിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് അൻഷാദ് തൃശൂരാണ്. ഒട്ടേറെ മാപ്പിള പാട്ടുകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ ഗായകനും സംഗീത സംവിധായകനുമാണ് എടത്തിരുത്തി സ്വദേശിയായ അൻഷാദ് തൃശൂർ. വലിയ വീട്ടിൽ മീഡിയയുടെ ബാനറിൽ ആൽബം നിർമിച്ചിരിക്കുന്നത് വി ഐ പോളാണ്. വിഷ്വൽസ് ഷാനു കാക്കൂരും പ്രോഗ്രാമിങ്ങ് സജിത്ത് ശങ്കറും മിക്സിങ്ങ് ലിജിത്ത് ആദർശും നിർവഹിക്കുന്നു.
പുന്നാരേ നീയുറങ്ങൂ എന്ന പ്രശസ്തമായ ഗാനത്തിനുശേഷം താൻ പാടുന്ന മാപ്പിള പാട്ടാണ് ആൽബത്തിൽ ഉള്ളതെന്ന് മനോജ് കെ ജയൻ പറഞ്ഞു. മനോഹരമായ മാപ്പിളപ്പാട്ടാണ് മക്കത്തെ ചന്ദ്രിക. അത് ആലപിക്കാനുള്ള നല്ലൊരു അവസരമാണ് ലഭിച്ചത്. ഫൈസൽ പൊന്നാനിയുടെ മനോഹരമായ വരികൾക്ക് പ്രവാസികളുടെ ഇഷ്ട ഗായകനായ അൻഷാദ് തൃശൂർ അതിമനോഹരമായ സംഗീതമാണ് നൽകിയിരിക്കുന്നത്. മുത്തുനബിയുടെ പൊന്നോമനയായ ഫാത്തിമാ ബീവിയെ പ്രകീർത്തിച്ചു കൊണ്ടുള്ള ഗാനമാണ് പാടുന്നത്. എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും നടൻ പറഞ്ഞു.