ബുർഖ ധരിക്കണോ ബിക്കിനി ധരിക്കണോ എന്നത് സ്ത്രീകൾ സ്വയം നിശ്ചയിക്കേണ്ട കാര്യമാണെന്ന് മലാല

ബുർഖ ധരിക്കണോ ബിക്കിനി ധരിക്കണോ എന്നത് സ്ത്രീകൾ സ്വയം നിശ്ചയിക്കേണ്ട കാര്യമാണെന്ന് മലാല. സ്വതന്ത്രമായി കാര്യങ്ങൾ തീരുമാനിക്കാനുള്ള ശേഷി സ്ത്രീകൾക്കുണ്ട്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് വിട്ടുകൊടുക്കണം.

ഹിജാബിട്ട് തല മറയ്ക്കാൻ ആരെങ്കിലും തന്നെ നിർബന്ധിച്ചാൽ താൻ എതിർക്കും. താൻ ഇട്ടിരിക്കുന്ന ഹിജാബ് ഊരിമാറ്റാൻ ആരെങ്കിലും നിർബന്ധിച്ചാലും എതിർക്കും. അത് തന്റെ നിലപാടാണ്. ആ നിലപാടിൽ ഒരു വൈരുധ്യവും ഇല്ലെന്ന് നൊബേൽ പുരസ്‌കാര ജേതാവ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

വർഷങ്ങൾക്ക് മുൻപ് സ്ത്രീകൾ ബുർഖ ധരിക്കണം എന്ന് ഉത്തരവിട്ട താലിബാനെതിരെ താൻ നിലപാട് എടുത്തു. കഴിഞ്ഞ മാസം പെൺകുട്ടികൾ ഹിജാബ് ധരിക്കരുതെന്ന് ഉത്തരവിട്ട ഇന്ത്യൻ സ്കൂൾ അധികൃതർക്ക് എതിരെയും താൻ ശബ്ദമുയർത്തി. ഈ രണ്ടു നിലപാടിലും യാതൊരു വൈരുധ്യവുമില്ല. സ്ത്രീകളെ സ്വതന്ത്ര വ്യക്തികളായി കാണാത്ത, കേവലം വസ്തുവൽക്കരിക്കുന്ന സമീപനങ്ങളാണ് രണ്ടും. അതിനാലാണ് താൻ രണ്ടിനെയും എതിർക്കുന്നത്.

വിദ്യാഭ്യാസത്തെ കുറിച്ചോ സ്ത്രീ വിമോചനത്തെ കുറിച്ചോ തുല്യതയെ കുറിച്ചോ ചർച്ച ചെയ്യാൻ താൻ തയ്യാറാണെന്നും എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തെ പറ്റി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്നും മലാല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Related Posts