"ധീരസമീരേ യമുനാ തീരേ എന്ന ചിത്രത്തിൽ ആദ്യ ഡയലോഗ് തന്നത് അദ്ദേഹമാണ്," പിറന്നാൾ ദിനത്തിൽ മധുവിന് ആശംസകളുമായി അംബിക
തന്റെ ആദ്യ ചിത്രമായ 'ധീരസമീരേ യമുനാ തീരേ' എന്ന ചിത്രത്തിൽ ആദ്യമായി ഡയലോഗ് തന്നത് മധുവാണെന്ന് അംബിക. രാജാവിൻ്റെ മകൻ, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരു കാലത്ത് മലയാളത്തിൽ തിളങ്ങിനിന്ന താരമാണ് അംബിക. മലയാളത്തിൻ്റെ അഭിനയ കാരണവർ മധുവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശത്തിലാണ് ആദ്യമായി അഭിനയിച്ച സിനിമയിൽ ആദ്യ ഡയലോഗ് ഉരുവിട്ട സന്ദർഭത്തെ അംബിക സ്നേഹപൂർവം അനുസ്മരിക്കുന്നത്.
എം മണിയുടെ നിർമാണത്തിൽ മധു സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ചിത്രമാണ് ധീരസമീരേ യമുനാ തീരേ. മധു, കവിയൂർ പൊന്നമ്മ, തിക്കുറിശ്ശി, ഉണ്ണിമേരി, ടി പി മാധവൻ, വിധുബാല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
അസാമാന്യമായ അഭിനയ ശേഷിയുള്ള നടനാണ് മധുവെന്ന് അംബിക പറയുന്നു. നല്ല നർമബോധവും അദ്ദേഹത്തിനുണ്ട്. മധുവുമായി വൈകാരികമായി വളരെ അടുത്ത ബന്ധമാണ് തനിക്കുള്ളത്. ആദ്യമായി അഭിനയിച്ചത് അദ്ദേഹം സംവിധാനം ചെയ്ത ചിത്രത്തിലാണ്. ആരോഗ്യവും ഐശ്വര്യവും നിറഞ്ഞ ആഹ്ളാദകരമായ ജീവിതം ആശംസിച്ചു കൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്.