നടിമാരുടെ വട്ടമേശ സമ്മേളനം; ചിത്രത്തിൽ ആശാ ശരത്തും ഹണി റോസും ദിവ്യ ഉണ്ണിയും

മലയാള സിനിമയിലെ അഭിനേത്രികളുടെ അപൂർവ സംഗമത്തിനാണ് അമ്മ ജനറൽ ബോഡി യോഗം സാക്ഷ്യം വഹിച്ചത്. ഔദ്യോഗിക പാനലിൽ മത്സരിച്ച ആശാ ശരത്ത് പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മണിയൻപിള്ള രാജുവും ശ്വേത മേനോനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ മത്സരിച്ച ഹണി റോസും നിവിൻ പോളിയും പിന്തള്ളപ്പെട്ടതും ലാലും വിജയ് ബാബുവും വിജയിച്ചതും സിനിമാ മേഖലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
അമ്മ ജനറൽ ബോഡിയിൽ പങ്കെടുത്ത താരങ്ങളെല്ലാം തങ്ങളുടെ സോഷ്യൽ മീഡിയാ പേജുകളിലൂടെ നിരവധി ചിത്രങ്ങളാണ് പങ്കുവെച്ചത്. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ച തെന്നിന്ത്യൻ സിനിമാ ലോകത്തെ പുതിയ താരോദയം കീർത്തി സുരേഷ് കൂട്ടായ്മയുടെ സന്തോഷം അവിസ്മരണീയമായ അനുഭവം പകരുന്നതാണെന്ന് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മോഹൻലാലും മമ്മൂട്ടിയും മനോജ് കെ ജയനും കുഞ്ചാക്കോ ബോബനും ഉൾപ്പെടെയുള്ള അഭിനേതാക്കൾ സഹപ്രവർത്തകർക്ക് ഒപ്പമുള്ള ഫോട്ടോകൾ ആരാധകരുമായി ഷെയർ ചെയ്തു.
നടിമാരുടെ വട്ടമേശ സമ്മേളനത്തിൻ്റെ ചിത്രമാണ് അൽപം മുമ്പ് നടി മിയ ജോർജ് പങ്കുവെച്ചത്. കോഫി ടേബിൾ കൂടിക്കാഴ്ചയിൽ മിയയ്ക്കൊപ്പം ആശാ ശരത്ത്, ദിവ്യ ഉണ്ണി, രചന നാരായണൻകുട്ടി, ഹണി റോസ്, ലക്ഷ്മി ഗോപാലസ്വാമി, പാരിസ് ലക്ഷ്മി, ഇനിയ, കൃഷ്ണപ്രഭ എന്നിവരെ കാണാം.