രാജ്യത്തെ ആദ്യ ഓഡിയോ ചലച്ചിത്രമാകാൻ മലയാള ചിത്രം "ബ്ലൈൻഡ് ഫോൾഡ്"

കൊച്ചി: അന്ധനായ നായകന്‍റെ കാഴ്ചപ്പാടിൽ നിന്ന് കഥ പറയുന്ന "ബ്ലൈൻഡ് ഫോൾഡ്" എന്ന ചിത്രം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഓഡിയോ ചിത്രമായി മാറാൻ ഒരുങ്ങുകയാണ്. ക്രിയേറ്റീവ് ഡിസൈനറും സംവിധായകനുമായ ബിനോയ് കാരമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍റലക്ച്വൽ മങ്കി പ്രൊഡക്ഷൻസും ലക്ഷ്വറി അപ്പാരൽ ബ്രാൻഡായ ക്ലമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പരമ്പരാഗത ചലച്ചിത്രനിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, ശബ്ദ സാങ്കേതികവിദ്യകളുടെ നൂതന സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്ന അന്ധനായ നായകന്‍റെയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്വലുകളില്ലാതെ ശബ്ദത്തിലൂടെ മാത്രം പ്രേക്ഷകരെ നയിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൂതനമായ അനുഭവം നൽകും. "സിനിമ ഒരു ദൃശ്യ മാധ്യമമാണ്, പക്ഷേ "ബ്ലൈൻഡ് ഫോൾഡിൽ" ദൃശ്യങ്ങൾ ഇല്ല. തിയേറ്ററിലെ പ്രേക്ഷകർക്ക് ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നതുപോലെ "ബ്ലൈൻഡ് ഫോൾഡിൽ" ആസ്വദിക്കാൻ കഴിയും. സിനിമ എന്ന മാധ്യമം എങ്ങനെയാണ് ഓരോ പ്രേക്ഷകനെയും വ്യത്യസ്തമായി ബാധിക്കുന്നതെന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിട്ടുണ്ട്. വെളിച്ചത്താൽ അന്ധമായ ഒരു ലോകത്തിന്റെയും അതിന്റെ ശബ്ദങ്ങളിലൂടെയുള്ള സൗന്ദര്യത്തെയുമാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുവാൻ ശ്രമിക്കുന്നത്. സൗണ്ട് മിക്സിംഗ്, മ്യൂസിക്, ഡയലോഗ് എന്നിവയിലൂടെ മാത്രം ഒരു സിനിമ മികച്ച അനുഭവമാക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. പരീക്ഷണാത്മക സിനിമകളിലും ആശയങ്ങളിലും അതീവ താൽപ്പര്യമുള്ള ബ്ലൈൻഡ് ഫോൾഡിന്‍റെ രചയിതാവും സംവിധായകനുമായ ബിനോയ് കരമെൻ പറഞ്ഞു.