പൃഥ്വിരാജിന് 39-ാം പിറന്നാൾ, ആശംസകൾ നേർന്ന് മലയാള സിനിമാലോകം
മലയാളത്തിന്റെ പ്രിയങ്കരനായ നടൻ പൃഥ്വിരാജിന് ഇന്ന് 39-ാം പിറന്നാൾ. താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള സന്ദേശങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നതായി മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.
തനിക്കറിയാവുന്നതിൽവെച്ച് ഏറ്റവും പാഷനേറ്റ് ആയ വ്യക്തിക്ക്, ഊർജസ്വലനും ഏകാഗ്രതയുമുള്ള മനുഷ്യന്, ഏറ്റവും ധാർമികതയുള്ള പ്രൊഫഷണലിന്, ഏറ്റവും സ്നേഹമുള്ള, രസികനായ അല്ലിയുടെ ഡാഡയ്ക്ക്, ഏറ്റവും കരുതലുള്ള സഹോദരനും മകനും, തന്റെ കുറ്റകൃത്യങ്ങളിലെ ആജീവനാന്ത പങ്കാളിയുമായ പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ എന്നാണ് ഭാര്യ സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ജന്മദിനമാവട്ടെ എന്ന് ദുൽഖർ സൽമാൻ ആശംസിച്ചു. സിനിമാ ജീവിതത്തിലും വ്യക്തിപരമായും വിസ്മയങ്ങൾ നിറഞ്ഞ വർഷമാവട്ടെ. പൃഥ്വിക്കും സുപ്രിയയ്ക്കും അല്ലിക്കുമൊപ്പം ചെലവഴിച്ച ആനന്ദകരമായ നിമിഷങ്ങളെ താരം ഓർത്തെടുക്കുന്നു. ഹാപ്പി ബർത്ഡേ ബ്രദർ എന്ന അടിക്കുറിപ്പോടെ താരത്തിനൊപ്പമുള്ള ചിത്രമാണ് നടൻ ടൊവിനോ തോമസ് പങ്കുവെച്ചത്. സൂപ്പർ സ്റ്റാറിന് സന്തോഷ ജന്മദിനം എന്നാണ് അഭിനേത്രി ഐശ്വര്യ ലക്ഷ്മി ആശംസാ സന്ദേശത്തിൽ പറയുന്നത്.
റോഷൻ മാത്യു, പൂർണിമ ഇന്ദ്രജിത്ത്, വിജയ് ബാബു, നസ്രിയ ഫഹദ്, ആന്റണി പെരുമ്പാവൂർ, അനു സിതാര, സൈജു കുറുപ്പ്, അജു വർഗീസ്, മാളവിക മേനോൻ തുടങ്ങി നിരവധി പേരാണ് താരത്തിന് ജന്മദിന ആശംസകൾ നേർന്നിരിക്കുന്നത്.