കെ എ എസ് പാസായവര്‍ക്ക് മലയാള ഭാഷ പരീക്ഷ നടത്തും; ആറു മാസത്തിനുള്ളില്‍ യോഗ്യത തെളിയിക്കണം
തിരുവനന്തപുരം: കെ എ എസ് പരീക്ഷ പാസായവര്‍ക്ക് ഭാഷാ പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താംക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടിയാണ് പരീക്ഷ. ആറു മാസത്തിനുള്ളില്‍ പരീക്ഷ പാസാകണം. ഇതിനുവേണ്ടി നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ലോക മാതൃഭാഷ ദിന ആഘോഷങ്ങളുടെ ഭാഗമായി, മലയാളം മിഷന്റെ മാതൃഭാഷ പ്രതിഭ പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു അദ്ദേഹം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരല്ല, ഇവിടെയുള്ളവര്‍ തന്നെ മലയാളം അറിയാത്തവരുണ്ട്. അവരെക്കൂടി ഉദ്ദേശിച്ചാണ് ഈ നടപടി. ജീവനക്കാരെ ഭാഷാവബോധമുള്ളവരാക്കി മാറ്റിയും ഭാഷാഭിരുചി ഉള്ളവരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കിയും സിവില്‍ സര്‍വീസിനെ മാതൃഭാഷാ കേന്ദ്രീകൃതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏകശിലാ രൂപത്തിലുള്ള ഭാഷ, സംസ്‌കാരം ഇതിനെല്ലാം വേണ്ടിയുള്ള വാദങ്ങളില്‍ കാണാന്‍ സാധിക്കുന്നത് ബഹുസ്വരത തകര്‍ക്കാനുള്ള നീക്കമാണെന്നും അതുകൊണ്ടുതന്നെ, ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല, ബഹുസ്വരതയുടെ കാര്യത്തില്‍ക്കൂടി ഇത്തവണത്തെ മാതൃഭാഷാ ദിനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പത്രികയില്‍ മുന്നോട്ടുവച്ച ഭാഷപരിപോഷിക്കാനുള്ള പ്രത്യേക നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു.