'പ്രേമം' സംവിധായകൻ്റെ പുതിയ ചിത്രം ' ഗോൾഡ് '; പൃഥ്വിരാജും നയൻതാരയും മുഖ്യ വേഷങ്ങളിൽ
ആറു വർഷത്തെ കാത്തിരിപ്പിന് ശേഷം സൂപ്പർ ഹിറ്റ് ചിത്രം പ്രേമം സംവിധാനം ചെയ്ത അൽഫോൻസ് പുത്രൻ പുതിയൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ്. 'ഗോൾഡ് ' എന്നാണ് പുതിയ ചിത്രത്തിൻ്റെ പേര്. പൃഥ്വിരാജും നയൻതാരയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും നിർമിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് സെപ്റ്റംബർ പകുതിയോടെ തുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' യുടെ ചിത്രീകരണം പൂർത്തിയായതിനു ശേഷമാണ് നടൻ അഭിനയിക്കാൻ എത്തുകയെന്ന് അണിയറ വൃത്തങ്ങൾ വെളിപ്പെടുത്തി.
നിവിൻ പോളി, നസ്രിയ താരജോഡികൾ അഭിനയിച്ച തൻ്റെ തന്നെ 'നേരം' എന്ന ചിത്രം പോലെ ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ഗോൾഡ് ചിത്രീകരിക്കുന്നതെന്ന് സംവിധായകൻ വെളിപ്പെടുത്തി.
പോയ വർഷം ഫഹദ് ഫാസിൽ, നയൻതാര കൂട്ടുകെട്ടിൽ 'പാട്ട് ' എന്നൊരു ചിത്രത്തെപ്പറ്റി അൽഫോൻസ് പുത്രൻ പ്രഖ്യാപനം നടത്തിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലമാണ് പ്രോജക്റ്റ് നീണ്ടു പോവുന്നതെന്നും കാര്യങ്ങൾ സാധാരണ നിലയിലായാൽ മാത്രമേ പാട്ടിൻ്റെ ചിത്രീകരണം ആരംഭിക്കൂ എന്നുമാണ് സൂചനകൾ.